ഗെയ്ല്‍ സമരത്തിന്റെ മറവില്‍ നടന്നത് പൊലീസ് സ്റ്റേഷന്‍ ആക്രമണം: നരനായാട്ടിനെ ന്യായീകരിച്ച് പൊലീസ്
Kerala
ഗെയ്ല്‍ സമരത്തിന്റെ മറവില്‍ നടന്നത് പൊലീസ് സ്റ്റേഷന്‍ ആക്രമണം: നരനായാട്ടിനെ ന്യായീകരിച്ച് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd November 2017, 10:26 am

കോഴിക്കോട്: ഗെയ്ല്‍ സമരത്തിന്റെ മറവില് കഴിഞ്ഞദിവസം നടന്നത് പൊലീസ് സ്റ്റേഷന്‍ ആക്രമണമെന്ന് പൊലീസ്. കല്ലും വടികളുമായാണ് സമരക്കാര്‍ സ്റ്റേഷനിലെത്തിയതെന്നും ആക്രമണത്തിനു പിന്നില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനകളാണെന്നുമാണ് പൊലീസ് വാദം.

ഒരുമാസത്തിലേറെയായി മുക്കം പ്രദേശവാസികള്‍ ഇവിടെ സമരം ചെയ്യുന്നു. ഇതിനിടെ ഗെയ്ല്‍ അധികൃതര്‍ പലതവണ ഇവിടെ വന്നുപോയിട്ടുണ്ട്. അപ്പോഴൊന്നും അക്രമാസക്തമാവാത്ത സമരം കഴിഞ്ഞദിവസമാണ് അക്രമാസക്തമായത്. ഇതിനു പിന്നില്‍ സമരക്കാര്‍ക്കിടയില്‍ നുഴഞ്ഞുകയറിയ തീവ്രവാദ സ്വഭാവമുള്ളവരാണെന്നാണ് പൊലീസ് വാദം.

കഴിഞ്ഞദിവസം സമരം പെട്ടെന്ന് അക്രമാസക്തമായതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി. മലപ്പുറത്തെ ചില സംഘടനകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു.


Also Read: മുക്കം പൊലീസ് സ്റ്റേഷനുമുമ്പില്‍ ഗെയില്‍വിരുദ്ധ സമരക്കാര്‍ക്കെതിരായ പൊലീസ് നരനായാട്ടിന്റെ ദൃശ്യങ്ങള്‍ പുറത്ത്


മലപ്പുറത്തെ കീഴുപറമ്പില്‍ നിന്നുള്‍പ്പെടെ ആളുകള്‍ മുക്കത്ത് എത്തിയിട്ടുണ്ട് എന്നാണ് റൂറല്‍ എസ്.പി പുഷ്‌കരന്‍ പറഞ്ഞത്.

അതേസമയം, സമാധാനപരമായി സമരം ചെയ്യുകയായിരുന്ന പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് അക്രമം അഴിച്ചുവിടുകയാണുണ്ടായതെന്നാണ് സമരക്കാര്‍ പറയുന്നത്. സമരക്കാരെ മാത്രമല്ല വഴിപോക്കരേയും ചായകുടിക്കാന്‍ കയറിയവരേയുമൊക്കെ ആക്രമിക്കുന്ന സമീപനമാണ് പൊലീസ് എടുത്തതെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞിരുന്നു.

32 പേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തത്. 21 പേരെ മുക്കം പൊലീസും 11 പേരെ അരീക്കോട് പൊലീസുമാണ് അറസ്റ്റു ചെയ്തത്. ഇവരെ ഇന്നലെ തന്നെ റിമാന്‍ഡ് ചെയ്തിരുന്നു.

ഗെയില്‍പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുക്കുന്നതിനെച്ചൊല്ലിയാണ് സമരസമിതി രംഗത്ത് വന്നത്. ഇവിടെ റീ സര്‍വേ നടത്തണമെന്നാണ് സമരക്കാര്‍ ആവശ്യപ്പെടുന്നത്. ഈ ആവശ്യമുന്നയിച്ച് കഴിഞ്ഞ മൂന്ന് മാസത്തോളമായി ഇവിടെ സമരം നടക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും വ്യക്തമായ ഉറപ്പുലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് സമരക്കാര്‍.