| Thursday, 28th November 2013, 6:08 pm

തേജ്പാലിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]പനാജി: ലൈംഗീക ആരോപണം നേരിടുന്ന തെഹല്‍ക സ്ഥാപക എഡിറ്റര്‍ തരുണ്‍ തേജ്പാലിനെ പോലീസ് ഉടന്‍ അറസ്റ്റ് ചെയ്‌തക്കും. തേജ്പാലിനെതിരെ പോലീസ് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

ചോദ്യം ചെയ്യാനായി പോലീസിന് മുന്നില്‍ ഹാജരാകാനുള്ള സമയം ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് അവസാനിച്ച സാഹചര്യത്തിലാണ് തേജ്പാലിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

കുറ്റകൃത്യം ഗൗരവതരമാണെന്നും  പോലീസിന് മുന്നില്‍ ഹാജരാകുന്നതില്‍ നിന്നും തേജ്പാലിന് ഇളവ് നല്‍കാനാവില്ലെന്നും തേജ്പാലിന്റെ അപേക്ഷ തള്ളി ഗോവന്‍ ഡി.ഐ.ജി അറിയിച്ചു.

ഹാജരാകാന്‍ ശനിയാഴ്ച വരെ സമയം അനുവദിക്കണമെന്ന തരുണ്‍ തേജ്പാല്‍ ഗോവന്‍ പോലീസിന് അഭിഭാഷകര്‍ മുഖേന കത്ത് നല്‍കിയിരുന്നു. അന്വേഷണവുമായി എല്ലാതരത്തിലും സഹകരിക്കാന്‍ തയ്യാറാണെന്നും തരുണ്‍ കത്തില്‍ വ്യക്തമാക്കിയിരുന്നു.

തേജ്പാലിന്റെ ഈ ആവശ്യം തള്ളിയാണ് ഗോവന്‍ പോലീസ് കേസില്‍ അറസ്റ്റ് വാറണ്ടടക്കമുള്ള നടപടികളുമായി മുന്നോട്ട് നീങ്ങുന്നത്.

വ്യാഴാഴ്ച്ച മൂന്ന് മണിക്ക് മുമ്പ് ഹാജരാകണമെന്നറിയിച്ച് ഗോവ പോലീസ് തരുണിന സമ്മന്‍സ് അയച്ചിരുന്നു. ഈ സമയപരിധി അവസാനിക്കാനിരിക്കെയാണ് സമയപരിധി നീട്ടി നല്‍കണമെന്ന ആവശ്യവുമായി തരുണ്‍ രംഗത്തെത്തിയത്.

അതിനിടെ തേജ്പാല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയിരുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു. ജാമ്യാപേക്ഷ പിന്‍വലിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. ഉചിതമായ കോടതിയില്‍ പരിഹാരം തേടാനെന്ന കാരണം പറഞ്ഞാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചിരിക്കുന്നത്.

ഗോവയില്‍ ഒരു പരിപാടിക്കിടെ ഹോട്ടലിലെ ലിഫ്റ്റില്‍ വെച്ച് തേജ്പാല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി തെഹല്‍കയിലെ സഹപത്രപ്രവര്‍ത്തകയാണ് ആരോപണമുന്നയിച്ചത്.

We use cookies to give you the best possible experience. Learn more