കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി. ശ്രീജിത്തിന്റെ കസ്റ്റഡി മരണ കേസിന്റെ അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്ന് ഹൈക്കോടതി പറഞ്ഞു.
പൊലീസുകാര്‍ പ്രതികളായ കേസ് പൊലീസ് തന്നെ അന്വേഷിക്കുന്നത് ശരിയാണോയെന്നും ഹൈക്കോടതി ചോദിച്ചു. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ അഖില സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം.
കേസ് സി.ബി.ഐയ്ക്ക് വിടുന്നതില്‍ സര്‍ക്കാരിനോടും സി.ബി.ഐയോടും നിലപാട് അറിയിക്കാനും കോടതി നിര്‍ദ്ദേശിച്ചു. കേസ് അടുത്ത മാസം നാലിന് വീണ്ടും പരിഗണിക്കാനായി മാറ്റി.
എന്നാല്‍ കേസിന്റെ അന്വേഷണം ശരിയായ ദിശയില്‍ ആണെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ മൂന്ന് പൊലീസുകാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. ശ്രീജിത്തിന്റെ മരണത്തില്‍ കൂടുതല്‍ പൊലീസുകാര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയാല്‍ അവരേയും കേസില്‍ പ്രതികളാക്കുമെന്നും എ.ജി പറഞ്ഞു.
ഉന്നത ഉദ്യോഗസ്ഥര്‍ കേസില്‍ പ്രതികളായി ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും കേസ് സി.ബി.ഐയ്ക്ക് വിടണമെന്നുമാണ് ശ്രീജിത്തിന്റെ കുടുംബാംഗങ്ങളുടെ ആവശ്യം.
അതേസമയം ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ കേസില്‍ കക്ഷിചേരാന്‍ അപേക്ഷ നല്‍കി.
WATCH THIS VIDEO: