ബെംഗളൂരു: കര്‍ണാടക ഉഡുപ്പിയിലെ സര്‍ക്കാര്‍ പി.യു. കോളേജുകളില്‍ പെണ്‍കുട്ടികളെ ഹിജാബ് ധരിച്ച് ക്ലാസില്‍ പ്രവേശിക്കാന്‍ അനുവദിക്കാതിരുന്ന സംഭവം ദേശീയതലത്തില്‍ ചര്‍ച്ചയായിരിക്കെ, വിദ്യാര്‍ത്ഥിനികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും നേരെ അന്വേഷണം പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്.
ഹിജാബ് വിവാദത്തില്‍ കോളേജിന്റെ നടപടിയെ എതിര്‍ത്ത് സമരം ആരംഭിച്ച ആറ് വിദ്യാര്‍ത്ഥിനികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമെതിരെയാണ് പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് അന്വേഷണം നടത്തുന്നത്. വിദ്യാര്‍ത്ഥിനികള്‍ക്കും രക്ഷിതാക്കള്‍ക്കും ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.
വിദ്യാര്‍ത്ഥിനികള്‍ ഏതെങ്കിലും യോഗങ്ങളില്‍ പങ്കെടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് പുറമെ ഇവരുടെ ഫോണ്‍രേഖകളും പൊലീസ് ശേഖരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഹിജാബ് വിഷയത്തില്‍ സമരം ചെയ്യുന്നത് തീവ്രവാദബന്ധമുള്ള സംഘടനകളാണെന്നാണ് കര്‍ണാടക സര്‍ക്കാര്‍ ആരോപിക്കുന്നത്.
അതേസമയം ഹിജാബ് നിരോധനത്തില്‍ വിദ്യാര്‍ത്ഥികളുടെ സമരം തുടരുകയാണ്. തിങ്കളാഴ്ചയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധപരിപാടികള്‍ നടന്നു.
കോളേജുകളില്‍ പ്രവേശനം നിഷേധിച്ചതിനെ ചോദ്യം ചെയ്ത് വിദ്യാര്‍ത്ഥിനികള്‍ കര്‍ണാടക ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരിക്കുകയാണ്. ഹരജി കോടതി ചൊവ്വാഴ്ച പരിഗണിക്കും.
എന്നാല്‍ ഹരജിയിന്മേല്‍ കോടതിയില്‍ നിന്നും വിധി വരുന്നത് വരെ വിദ്യാര്‍ത്ഥിനികള്‍ക്ക് കോളേജില്‍ പ്രവേശിക്കാനാവില്ല.
അതായത് ഹൈക്കോടതിയില്‍ നിന്നും വിധി വരാന്‍ വൈകിയാലോ കേസ് നീണ്ടുപോയാലോ, നിലവില്‍ പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥിനികള്‍ക്ക് കോളേജിന് പുറത്ത് തന്നെ തുടരേണ്ട സ്ഥിതിയാണ്.
Content Highlight: Police investigation against students and their parents who protested against hijab ban in Karnataka