കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതിയായ ജോളിക്കെതിരെ പുതിയ അന്വേഷണം. എന്‍.ഐ.ടിക്കടുത്ത് മണ്ണിലേതില്‍ വീട്ടില്‍ രാമകൃഷ്ണന്റെ മരണമാണ് പൊലീസ് അന്വേഷിക്കുന്നത്.
ജോളിയും സുഹൃത്ത് സുലേഖയും നടത്തിയ ബ്യൂട്ടിബാര്‍ലറുമായി രാമകൃഷ്ണന് ബന്ധമുള്ളതായി ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് രാമകൃഷ്ണന്റെ മകന്റെ മൊഴി ക്രൈംബ്രാഞ്ച് എടുത്തത്. അച്ഛനില്‍ നിന്നും വലിയ തുക ആരൊക്കെയോ ചേര്‍ന്ന് തട്ടിയെടുത്തതായി രോഹിത് മൊഴി നല്‍കിയിട്ടുണ്ട്.
അച്ഛന് അറ്റാക്ക് ആണെന്നാണ് കരുതിയതെന്നും മരണം കൊലപാതകമാണെന്ന സംശയം ഉണ്ടായിരുന്നില്ലെന്നും രോഹിത് പറയുന്നു. എന്നാല്‍ പണം നഷ്ടപ്പെട്ടിട്ടുണ്ട്. 2008 ല്‍ സ്വത്ത് വിറ്റെങ്കിലും പണമൊന്നും വീട്ടില്‍ എത്തിട്ടില്ലെന്നും രോഹിത് പ്രതികരിച്ചു.
കഴിഞ്ഞ രണ്ട് മാസത്തിനിടെയുണ്ടായ അന്വേഷണത്തിനിടെ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ട സംഭവമാണ് ഇത്. പ്രാദേശിക കോണ്‍ഗ്രസ് നേതാവായിരുന്നു രാമകൃഷ്ണന്‍. ഇദ്ദേഹത്തിന് പലയിടത്തും കടകളും മുറികളുമുണ്ടായിരുന്നു.
ജോളിയും സുഹൃത്ത് സുലേഖയും നടത്തിയ ബ്യൂട്ടിബാര്‍ലറുമായി രാമകൃഷ്ണന് ബന്ധമുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. അവരുമായി സൗഹൃദം ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്. 2016 മെയ് 17 നാണ് രാമകൃഷ്ണന്‍ മരിക്കുന്നത്. നിയസഭാ തെരഞ്ഞെടുപ്പ് നടന്നതിന്റെ പിറ്റേദിവസം. വീട്ടിലെത്തി ഉറങ്ങാന്‍ കിടന്നപ്പോള്‍ അസ്വസ്ഥതയുണ്ടാവുകയും മരണപ്പെടുകയുമായിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കഴിഞ്ഞ ദിവസമാണ് പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി രാമകൃഷ്ണന്റെ വീട്ടില്‍ എത്തിയത്. 2008 മുതല്‍ രാമകൃഷ്ണന് സാമ്പത്തിക നഷ്ടമുണ്ടായിരുന്നു. കുടുംബ സ്വത്ത് വിറ്റ പണം ആരോ തട്ടിയെടുത്തതായും സൂചന ലഭിച്ചിട്ടുണ്ട്. ജോളിയില്‍ നിന്ന് ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവര പ്രകാരമാണ് രാമകൃഷ്ണന്റെ വീട്ടിലെത്തി ക്രൈംബ്രാഞ്ച് മൊഴിയെടുത്തതാണെന്നാണ് റിപ്പോര്‍ട്ട്.
ഈ കുടുംബത്തിന്റെ പരാതി ഇല്ലാതെ തന്നെയാണ് പൊലീസ് ഇവരുടെ വീട്ടിലെത്തി മൊഴിയെടുത്തത്. രാമകൃഷ്ണന്റേത് ഹൃദ്രോഗം മൂലമുള്ള മരണമാണെന്നാണ് കുടുംബം കരുതുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ