കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജനെ പോലീസ് പ്രതിപട്ടികയില്‍ ചേര്‍ത്തു. കാരായി രാജനെ കൂടാതെ പാനൂര്‍ ഏരിയാസെക്രട്ടറി കെ കെ പവിത്രനേയും കൂത്തുപറമ്പ് ഏരിയാസെക്രട്ടറി എം ധനഞ്ജയനേയും പ്രതി ചേര്‍ത്തിട്ടുണ്ട്.
നേരത്തെ അറസ്റ്റിലായ പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇവരെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തത്. പാനൂര്‍ ഏരിയാ കമ്മിറ്റിയംഗം പി.കെ കുഞ്ഞനന്തനെ ഒളിവില്‍ താമസിപ്പിക്കാന്‍ സഹായിച്ചു എന്ന കുറ്റത്തിന് സി.പി.ഐ.എം സംസ്ഥാന സമിതി അംഗംകെ.കെ രാഗേഷിനെതിരെയും പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.
സി.ബി.ഐ അന്വേഷിച്ച ഫസല്‍ വധക്കേസിലെയും പ്രതിയാണ് കാരായി രാജന്‍. അതേസമയം ഫസല്‍ വധക്കേസില്‍ കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും എറണാകുളം സി.ജെ.എം കോടതി തിങ്കളാഴ്ച വരെ റിമാന്‍ഡ് ചെയ്തു.
ഇന്നലെ ഇരുവരെയും കോടതി ഒരു ദിവസത്തേക്ക് കൂടി സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടിരുന്നു. നേരത്തെ ഏഴ് ദിവസത്തേക്ക് ഇവരെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടിരുന്നെങ്കിലും ഇതിനെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.