| Saturday, 30th December 2023, 2:30 pm

ഗസയിലെ യുദ്ധത്തിന് പിന്നാലെ യു.കെയിൽ വിദ്വേഷ കുറ്റകൃത്യങ്ങളിൽ വൻ വർധന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടൻ: ഒക്ടോബർ ഏഴിന് ഗസയിലെ യുദ്ധം ആരംഭിച്ചതിന് പിന്നാലെ രാജ്യത്ത് വിദ്വേഷ കുറ്റകൃത്യങ്ങൾ കുത്തനെ വർധിച്ചതായി ബ്രിട്ടീഷ് പൊലീസ്.

യു.കെയിലെ പൊലീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇസ്‌ലാമോഫോബിയയിലും വലിയ വർധനവാണ് ഉണ്ടായത്. ഒപ്പം ആന്റി സെമിറ്റിക് വിദ്വേഷവും വർധിച്ചതായി പൊലീസ് പറയുന്നു.

ഒക്ടോബർ ഏഴിനും നവംബർ ഏഴിനുമിടയിൽ 49 ഇസ്‌ലാമോഫോബിക് കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തതായി വെസ്റ്റ് യോർക് ഷെയർ പൊലീസ് അറിയിക്കുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 29 കേസുകളാണ് ഉണ്ടായിരുന്നത്.

ഇതേ കാലയളവിൽ 2022ലെ ആറ് കേസുകളിൽ നിന്ന് ഈ വർഷം 10 എണ്ണമായി വർധിച്ചുവെന്ന് മെഴ്‌സിസൈഡ് പൊലീസ് അറിയിച്ചു.

ബ്രിട്ടീഷ് ട്രാൻസ്‌പോർട്ട് പൊലീസിന്റെ പരിധിയിൽ 2022ൽ ഒക്ടോബർ ഏഴ് മുതൽ നവംബർ ഏഴ് വരെ രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത് ഈ വർഷം 22 ഇസ്‌ലാമോഫോബിക് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

മുസ്‌ലിം വിരുദ്ധ ആക്രമണങ്ങളിലെ വർധനവ് വളരെയധികം ആശങ്കപ്പെടുത്തുന്നതാണെന്നും അധികാരികളിലെ വിശ്വാസം നഷ്ടപ്പെടുത്തുന്നതാണെന്നും തൽമാമ എന്ന സംഘടനയുടെ ഡയറക്ടർ ഇമാം അത്ത പറഞ്ഞു.

മുസ്‌ലിമായാലും ജൂതനായാലും പരസ്പരം ആശ്രയമാകാനും വിദ്വേഷത്തിനും വർഗീയതയ്ക്കും അസഹിഷ്ണുതയ്ക്കുമെതിരെ ഒരുമിച്ചു നിൽക്കാനും അവർ ആവശ്യപ്പെട്ടു.

യു.കെയിൽ ആന്റി സെമിറ്റിക് കേസുകളും ഒക്ടോബർ ഏഴിന് ശേഷം വർധിച്ചതായി പി.എ വാർത്താ ഏജൻസി അറിയിച്ചു.

കഴിഞ്ഞവർഷം 15 ആന്റി സെമിറ്റിക് സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത് ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസിന്റെ പരിധിയിൽ ഈ വർഷം 74 കേസുകളായി അത് വർധിച്ചു.

Content Highlight: Police in UK record rise in hate crimes since start of Gaza war

We use cookies to give you the best possible experience. Learn more