അടൂര്‍ ഗോപാലകൃഷ്ണനും മണിരത്‌നവും അടക്കമുള്ളവര്‍ക്കെതിരെയുള്ള രാജ്യദ്രോഹക്കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ബീഹാര്‍ പൊലീസ് ഉത്തരവ്
national news
അടൂര്‍ ഗോപാലകൃഷ്ണനും മണിരത്‌നവും അടക്കമുള്ളവര്‍ക്കെതിരെയുള്ള രാജ്യദ്രോഹക്കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ബീഹാര്‍ പൊലീസ് ഉത്തരവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th October 2019, 9:20 pm

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ രാജ്യത്ത് വര്‍ധിച്ചു വരുന്നത് തടയണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച അടൂര്‍ ഗോപാലകൃഷ്ണന്‍, മണിരത്‌നം അടക്കമുള്ള 49 പേര്‍ക്കെതിരെയെടുത്ത രാജ്യദ്രോഹക്കേസ് അന്വേഷണം നിര്‍ത്തിവെക്കാന്‍ ബീഹാര്‍ പൊലീസ് ഉത്തരവിട്ടു. മുസാഫര്‍പൂര്‍ എസ്.എസ്.പി മനോജ് കുമാര്‍ സിന്‍ഹയാണ് ഉത്തരവിട്ടത്.

ഇവര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത് പ്രകാരം വസ്തുതയോ കുറ്റമോ ഇല്ലാത്തത് കൊണ്ടാണ് അന്വേഷണം അവസാനിപ്പിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. കോടതി ഉത്തരവ് പ്രകാരം കഴിഞ്ഞയാഴ്ചയാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജയ് ശ്രീറാം ഇപ്പോള്‍ പോര്‍വിളി ആയി മാറിയിട്ടുണ്ടെന്നും മുസ്ലികള്‍ക്കും ദളിതുകള്‍ക്കുമെതിരെ തുടര്‍ച്ചയായി ഉണ്ടാകുന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ ആശങ്കയുണ്ടെന്നും കാണിച്ച് ജൂലായിലാണ് 50 ഓളം സാഹിത്യ-ചലച്ചിത്ര പൊതുരംഗത്തെ പ്രമുഖര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്. ജയ് ശ്രീറാം വിളിച്ച് ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നവര്‍ക്കെതിരെ ‘നിങ്ങള്‍ എന്തു നടപടിയെടുത്തെന്ന ചോദ്യം കത്തില്‍ ഉന്നയിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രാദേശിക അഭിഭാഷകനായ സുധീര്‍ കുമാര്‍ ഓജയാണ് പരാതി നല്‍കിയത്. അഭിഭാഷകനായ സുധീര്‍ കുമാര്‍ ഓജ സമര്‍പ്പിച്ച പരാതിയില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സൂര്യകാന്ത് തിവാരിയാണ് ഇവര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്. ഗവേഷകനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹ, സംവിധായകരായ മണിരത്നം, അടൂര്‍ ഗോപാലകൃഷ്ണന്‍, ചലച്ചിത്ര പ്രവര്‍ത്തകരായ രേവതി, അപര്‍ണാ സെന്‍ തുടങ്ങിയവര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍ ഉണ്ടായിരുന്നത്.