| Sunday, 2nd April 2017, 4:14 pm

ഫോണ്‍ കെണി വിവാദം: പൊലീസ് മംഗളം ചാനലില്‍ തെളിവെടുപ്പു നടത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഫോണ്‍ വിളി വിവാദത്തില്‍ പൊലീസ് മംഗളം ചാനലില്‍ തെളിവെടുപ്പ് നടത്തി. ജീവനക്കാരല്‍ നിന്നും പ്രത്യേക അന്വേഷണ സംഘം തെളിവെടുക്കുകയും ചെയ്തു. നേരത്തെ എ.കെ ശശീന്ദ്രനെതിരായ ഫോണ്‍ കെണിക്കു പിന്നില്‍ കുറ്റകരമായ ഗൂഢാലോചനയുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയ എഫ്.ഐ.ആറില്‍ വ്യക്തമാക്കിയിരുന്നു.

ഫോണ്‍ കെണിയില്‍ മംഗളം ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നും ശശീന്ദ്രന് മാനഹാനി വരുത്തണമെന്ന ഉദ്ദേശവും ചാനലിന് ഉണ്ടായിരുന്നുവെന്നും പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയ എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു.
മംഗളം ചാനലിന്റെ മാര്‍ക്കറ്റിംഗിന്റെ ഭാഗമായി ഒന്‍പത് പ്രതികള്‍ ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.

എ.കെ ശശീന്ദ്രനെ മാനഹാനി വരുത്തണമെന്ന ഉദ്ദേശമായിരുന്നു ഒന്ന്. അതിനായി ലൈംഗിക ചുവയുള്ള അശ്ലീല സംഭാഷണം സംപ്രേഷണം ചെയ്തു. മംഗളം ടെലിവിഷന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയും സംഭാഷണം പ്രചരിപ്പിച്ചെന്നും എഫ്.ഐ.ആറില്‍ പറയുന്നു.


Also Read: ‘പാര്‍വ്വതിയോ? അവളെ കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല’ ; പാര്‍വ്വതിയിലെ നടിയെക്കുറിച്ച് ഫഹദ് ഫാസിലിനു പറയാനുള്ളത് 


മംഗളം ചെയര്‍മാന്‍ സാജന്‍ വര്‍ഗീസിനെ ഒന്നാം പ്രതിയാക്കി തയ്യാറാക്കിയിരിക്കുന്ന എഫ്.ഐ.ആറില്‍ സി.ഇ.ഒ ആര്‍ അജിത്കുമാര്‍ രണ്ടാം പ്രതിയാണ്. മന്ത്രിയെ ഫോണ്‍ ചെയ്ത പെണ്‍കുട്ടിയും പ്രതിപ്പട്ടികയിലുണ്ട്. മുഴുവന്‍ പ്രതികള്‍ക്കും അടുത്ത രണ്ട് ദിവസങ്ങളില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്.

അതേസമയം എ.കെ ശശീന്ദ്രനെതിരായ ഫോണ്‍കെണിയില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്നും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. വിജിലന്‍സിന്റെ താല്‍ക്കാലിക ചുമതല മാത്രമാണ് തനിക്കുളളതെന്നും അവധി കഴിഞ്ഞ് ജേക്കബ് തോമസ് തിരിച്ചെത്തിയാല്‍ ചുമതല കൈമാറുമെന്നും ബെഹ്‌റ പറഞ്ഞു.

We use cookies to give you the best possible experience. Learn more