| Sunday, 13th February 2022, 9:32 am

ഹിജാബ് വിഷയത്തില്‍ ഗുജറാത്തില്‍ മുസ്‌ലിം സംഘടനകള്‍ നടത്തിയ പ്രതിഷേധ റാലി പൊലീസ് തടഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: കര്‍ണാടകയില്‍ ഹിജാബിന്റെ പേരില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി ഗുജറാത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലി പൊലീസ് തടഞ്ഞു. എ.ഐ.എം.ഐ.എമ്മിന്റെ നേതൃത്വത്തില്‍ വിവിധ മുസ്‌ലിം സംഘടനകളാണ് റാലി സംഘടിപ്പിച്ചിരുന്നത്.

എ.ഐ.എം.ഐ.എമ്മിന്റെ സൂറത്ത് യൂണിറ്റ് പ്രസിഡന്റ് വസീം ഖുറേഷിയെയും പാര്‍ട്ടിയുടെ വനിതാ പ്രതിനിധി നസ്മ ഖാനെയും മറ്റ് 20 വനിതാ പ്രതിഷേധക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

”എന്ത് ധരിക്കണം, എന്ത് ധരിക്കരുത് എന്നത് ഒരു വ്യക്തിയുടെ തെരഞ്ഞെടുപ്പാണ്. ഒരാളുടെ വസ്ത്രധാരണരീതി തെരഞ്ഞെടുക്കുന്നതില്‍ നിന്ന് ഒരു വ്യക്തിയെയും നിയന്ത്രിക്കാന്‍ ഭരണഘടന ആരെയും അനുവദിക്കുന്നില്ല. മറ്റ് മതങ്ങളെപ്പോലെ മുസ്‌ലിം സ്ത്രീകള്‍ക്കും വസ്ത്രധാരണത്തിനുള്ള സ്വാതന്ത്ര്യമുണ്ട്,’ നസ്മ ഖാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കര്‍ണാടകയിലെ ഹിജാബുമായി ബന്ധപ്പെട്ട സംഭവങ്ങളെ പിന്തുണച്ച് എ.ഐ.എം.ഐ.എം പാര്‍ട്ടി പ്രവര്‍ത്തകര്‍ സിഗ്‌നേച്ചര്‍ ക്യാമ്പെയിന്‍ നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ ക്യാമ്പെയിന്‍ ആരംഭിക്കുന്നതിന് മുമ്പ് പൊലീസ് ക്യാമ്പെയിന്‍ തടഞ്ഞിരുന്നു.

”ഞങ്ങളെ ഓഫീസില്‍ നിന്ന് അറസ്റ്റ് ചെയ്ത് പൊലീസ് കൊണ്ടുപോവുകയായിരുന്നു. ഈ വിഷയത്തില്‍ അഹമ്മദാബാദ് പൊലീസ് ഇതുവരെ 200 ഓളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്,’ എ.ഐ.എം.ഐ.എം പ്രവര്‍ത്തകന്‍ പറഞ്ഞു.

അതേസമയം, ഹിജാബില്‍ തൊടാന്‍ ശ്രമിക്കുന്നവരുടെ കൈവെട്ടി മാറ്റുമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് റുബീന ഖാനം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഹിജാബ് വിഷയത്തില്‍ അലിഗഡ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചതിന് പിന്നാലെയാണ് റുബീന ഖാനത്തിന്റെ പ്രതികരണം.

ഇന്ത്യയുടെ പെണ്‍മക്കളുടെ മാനം വെച്ച് കളിക്കാന്‍ സമ്മതിക്കില്ലെന്നും റുബീന പറഞ്ഞു.

കര്‍ണാടക ഉഡുപ്പിയിലെ സര്‍ക്കാര്‍ പ്രീ യൂണിവേഴ്‌സിറ്റി കോളേജില്‍ ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ പ്രവേശിക്കാന്‍ കോളേജ് അധികൃതര്‍ സമ്മതിക്കാതിരുന്നതും തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളും അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്.

ഹിജാബ് ധരിച്ച് വിദ്യാര്‍ത്ഥിനികള്‍ എത്തുന്നതിനെ എതിര്‍ത്ത് ഹിന്ദുത്വ വിദ്യാര്‍ത്ഥികള്‍ കാവി ഷാള്‍ അണിഞ്ഞ് എത്തിയത് അക്രമത്തില്‍ കലാശിച്ചിരുന്നു.

കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമായതോടെ പൊലീസ് വിഷയത്തില്‍ ഇടപെടുകയും മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തിരുന്നു.


Content Highlights: Police in Gujarat have blocked a protest rally over the hijab issue

We use cookies to give you the best possible experience. Learn more