മാവോ ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത ജെ.എന്‍.യു വിദ്യാര്‍ത്ഥിയെ ക്രൂരമായി പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തല്‍
Daily News
മാവോ ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത ജെ.എന്‍.യു വിദ്യാര്‍ത്ഥിയെ ക്രൂരമായി പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st November 2014, 6:13 pm

HEM-MISRA01ന്യൂദല്‍ഹി: മാവോ ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത ജെ.എന്‍.യു വിദ്യാര്‍ത്ഥിയെ കസ്റ്റഡിയില്‍ ക്രൂരമായി പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തല്‍. ജയിലില്‍ നിന്ന് സുഹൃത്തുക്കള്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും അയച്ച കത്തിലാണ് ഹേം മിശ്ര എന്ന വിദ്യാര്‍ത്ഥി വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

മഹാരാഷ്ട്ര പോലീസാണ് മാവോവാദി ബന്ധം ആരോപിച്ച് ബി.എ. ചൈനീസ് വിദ്യാര്‍ത്ഥിയായ ഹേം മിശ്രയെ അറസ്റ്റ് ചെയ്തിരുന്നത്. അണ്‍ ലോഫുള്‍ ആക്ടിവിറ്റി പ്രൊവിഷന്‍ ആക്ട് (യി.പി.എ) ചുമത്തി ഈ വിദ്യാര്‍ത്ഥിയെ  ഒരു വര്‍ഷത്തിലേറെയായി ജയിലിലടച്ചിരിക്കുകയാണ്. കൊടിയ പീഡനങ്ങളാണ് തനിക്കെതിരെ നടത്തിയതെന്നാണ് കത്തില്‍ പറയുന്നത്.

വൃത്തിഹീനമായ മുറിയില്‍ ദിവസങ്ങളോളം ഉറങ്ങാന്‍ പോലും അനുവദിക്കാതെയായിരുന്നു ചോദ്യം ചെയ്യലെന്നും ശരീരത്തില്‍ മുറിവേല്‍പ്പിക്കാതെയുള്ള മര്‍ദ്ദന രീതികളാണ് പോലീസ് കൈകൊണ്ടതെന്നും കത്തില്‍ പറയുന്നു.

“”ബജിറാഓ” എന്ന ദണ്ഡ് ഉപയോഗിച്ചു കൊണ്ടായിരുന്നു ആക്രമണം. ശരീരമാകെ പുളഞ്ഞുപോകുന്ന വേദനയായിരുന്നു അനുഭവിച്ചത്. ഈ വടികൊണ്ടുള്ള ആക്രമണങ്ങള്‍ക്ക് പുറമെ ചവിട്ടും തൊഴിയും പതിവായിരുന്നു. ഫേസ്ബുക്, ഇമെയില്‍ അക്കൗണ്ടുകളില്‍ നുഴഞ്ഞു കയറി പരിശോധനകളും നടത്തി.” മിശ്ര കത്തില്‍ പറയുന്നു.

നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണ് മിശ്രസിപ്പോള്‍. 2013 ആഗസ്റ്റ് 13 നാണ് മിശ്രയെ അറസ്റ്റ് ചെയ്തിരുന്നത്. ഉത്തരാഖണ്ഡില്‍ നിന്ന് പഠനാവശ്യത്തിനായാണ് മിശ്ര തലസ്ഥാനത്തെത്തിയിരുന്നത്. സാംസ്‌കാരിക പ്രവര്‍ത്തകനായിരുന്ന അദ്ദേഹം ഹല്‍ഹിയില്‍ നടന്നിരുന്ന മനുഷ്യാവകാശ തൊഴിലാളി സമരങ്ങള്‍ക്ക് പിന്തുണ നല്‍കിയിരുന്നു.

ബാബാ ആംതേയുടെ മകന്‍ ഡോ. പ്രകാശ് ആംതേ മഹാരാഷ്ട്രയിലെ ബ്രഹ്മാഗഢില്‍ ആദിവാസികള്‍ക്കായി നടത്തുന്ന ആരോഗ്യ പരിരക്ഷാ പ്രവര്‍ത്തനങ്ങള്‍ കണ്ടു മനസ്സിലാക്കാന്‍ പോകുമ്പോഴാണ് ബല്ലാല്‍ ഷാ റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് മിശ്ര അറസ്റ്റിലാവുന്നത്.