പി. കൃഷ്ണദാസിന് രക്ഷപ്പെടാന്‍ വഴിയൊരുക്കിയത് പോലീസാണെന്ന് ഡി.വൈ.എസ്.പിയുടെ റിപ്പോര്‍ട്ട്
Kerala
പി. കൃഷ്ണദാസിന് രക്ഷപ്പെടാന്‍ വഴിയൊരുക്കിയത് പോലീസാണെന്ന് ഡി.വൈ.എസ്.പിയുടെ റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd March 2017, 11:34 am

തൃശൂര്‍: ലക്കിടി കേസില്‍ നെഹ്‌റു കോളേജ് ചെയര്‍മാന്‍ പി. കൃഷ്ണദാസിന് രക്ഷപ്പെടാനുള്ള പഴുതോടെയാണ് പൊലീസ് എഫ്.ഐ.ആര്‍ തയ്യാറാക്കിയത് എന്ന് ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ റിപ്പോര്‍ട്ട്. ജിഷ്ണു കേസിന്റെ പശ്ചാത്തലത്തില്‍ വേണ്ടത്ര ജാഗ്രതയില്ലാതെയാണ് എഫ്.ഐ.ആര്‍ തയ്യാറാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വീഴ്ച വരുത്തിയത് പഴയന്നൂര്‍ എ.എസ്.ഐ ജ്ഞാനശേഖരനാണെന്ന് പറയുന്ന റിപ്പോര്‍ട്ട് തൃശൂര്‍ എസ്.പിയ്ക്ക് സമര്‍പ്പിച്ചു. നേരത്തേ സര്‍ക്കാറും പൊലീസിന് വീഴ്ച പറ്റിയെന്ന് കോടതിയെ അറിയിച്ചിരുന്നു. കേസില്‍ പ്രതികളായ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ളവരെ വടക്കാഞ്ചേരി കോടതി നേരത്തേ റിമാന്‍ഡ് ചെയ്തിരുന്നു.

കോളെജിലെ വിദ്യാര്‍ത്ഥി നല്‍കിയ പരാതിയിലാണ് പൊലീസ് കൃഷ്ണദാസുള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തത്. നിയമോപദേശക സുചിത്ര, ഗോവിന്ദന്‍കുട്ടി, പി.ആര്‍.ഒ വല്‍സല കുമാര്‍, അധ്യാപകന്‍ സുകുമാരന്‍ എന്നിവരുടെ അറസ്റ്റുകളായിരുന്നു പൊലീസ് രേഖപ്പെടുത്തിയിരുന്നത്.

തന്നെ മര്‍ദിച്ചെന്ന് കാട്ടി ലക്കിടിയിലെ നെഹ്റു അക്കാദമിക് ലോ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. തട്ടിക്കൊണ്ടു പോകല്‍, മര്‍ദ്ദനം, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് കൃഷ്ണദാസിനെതിരെ ചുമത്തിയിരുന്നത്. കോളേജില്‍ ബില്ല് നല്‍കാതെയുള്ള അനധികൃത പണപ്പിരിവും വെല്‍ഫെയര്‍ ഓഫീസര്‍മാരെ സംബന്ധിച്ചും വിദ്യാര്‍ത്ഥി സുതാര്യകേരളം സ്റ്റുഡന്റ് ഗ്രീവന്‍സ് സെല്ലിലേക്ക് പരാതി അയച്ചതിനെത്തുടര്‍ന്ന് ചെയര്‍മാനും പി.ആര്‍.ഒയും മര്‍ദ്ദനത്തിനിരയാക്കി എന്നാണ് പരാതി.