തിരുവനന്തപുരം: അനുവദിച്ചിട്ടുള്ള ഔദ്യോഗിക സിം കാര്‍ഡുകള്‍ ഉപയോഗിക്കാത്ത പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്നും വാടക ഈടാക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്. ഡി.ജിപി പുറത്തിറക്കിയ പുതിയ സര്‍ക്കുലറിലാണ് ഇത്തരത്തിലുള്ള നിര്‍ദേശം ഉള്‍പ്പെടുത്തിയിട്ടുള്ളത്.
പൊലീസിന് നല്‍കിയിട്ടുള്ള സി.യു.ജി സിം കാര്‍ഡുകള്‍ അഥവാ ക്ലോസ്ഡ് ഗ്രൂപ്പ് സിം കാര്‍ഡുകള്‍ എങ്ങനെ ഉപയോഗിക്കണമെന്ന നിര്‍ദേശങ്ങളും ഡി.ജി.പി പുറത്തിറക്കിയ സര്‍ക്കുലറിലുണ്ട്.
സര്‍ക്കാര്‍ പണം നല്‍കുന്ന ഔദ്യോഗിക സിംകാര്‍ഡ് ഉപയോഗിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതലത്തില്‍ അച്ചടക്ക നടപടി സ്വീകരിക്കാനും സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു.
സ്ഥലം മാറിപ്പോവുകയോ ഡെപ്യൂട്ടേഷനില്‍ പോവുകയോ ചെയ്യുന്ന എസ്.എച്ച്.ഒ, പ്രിന്‍സിപ്പല്‍ എസ്.ഐ, തുടങ്ങിയ ഉദ്യോഗസ്ഥര്‍ പകരം വരുന്ന ഉദ്യോഗസ്ഥന് സിം കാര്‍ഡ് കൈമാറണമെന്നും നിര്‍ദേശമുണ്ട്.
സ്ഥലം മാറിപ്പോവുന്നത് അതേ ജില്ലയിലേക്കാണെങ്കില്‍ നിലവില്‍ ഉപയോഗിക്കുന്ന സിം കാര്‍ഡ് തുടര്‍ന്നും ഉപയോഗിക്കാം.
തസ്തികയ്ക്കനുസരിച്ചാണ് ഓരോ മിനിസ്റ്റീരിയല്‍ ഉദ്യോഗസ്ഥര്‍ക്കും സി.യു.ജി സിം കാര്‍ഡ് അനുവദിച്ചിട്ടുള്ളത്. അതുകൊണ്ട് സ്ഥലം മാറുകയോ ഡെപ്യൂട്ടേഷനില്‍ പോവുകയോ ചെയ്യുമ്പോള്‍ പകരം വരുന്ന ഉദ്യോഗസ്ഥന് സിം കാര്‍ഡ് കൈമാറണം.
എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിം കാര്‍ഡ് വിതരണം ചെയ്തതിന്റെ രജിസ്റ്റര്‍ സൂക്ഷിക്കണമെന്നും ഡി.ജി.പിയുടെ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിന് പുറമെ വിരമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാവുന്നതിന് സിം തിരികെ ഏല്‍പിച്ചിട്ടുണ്ടോ എന്നും പരിശോധിക്കണം.
നിലവില്‍ സിം കാര്‍ഡ് വാങ്ങി, മറ്റൊരു ജില്ലയിലേക്ക് സ്ഥലം മാറിപ്പോയ ശേഷവും പകരം വന്ന ഉദ്യോഗസ്ഥന് സിം കൈ മാറാത്ത അവസ്ഥയുണ്ട്. സിം കാര്‍ഡ് വാങ്ങി ഉപയോഗിക്കാതെ ഉപേക്ഷിച്ചവരും നിരവധിയുണ്ട്. ഇക്കാര്യങ്ങള്‍ എല്ലാം ശ്രദ്ധിക്കാന്‍ ഓരോ യൂണിറ്റ് മേധാവികള്‍ക്കും പ്രത്യേകം ചുമതലയും നല്‍കിയിട്ടുണ്ട്.