| Saturday, 25th March 2023, 11:25 pm

രാഹുലിന്റെ അയോഗ്യതയിലെ ഫേസ്ബുക്ക് പോസ്റ്റ്; റിജില്‍ മാക്കുറ്റിക്കെതിരെ കലാപാഹ്വാനത്തിന് കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: വയനാട് എം.പി രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിലുള്ള പ്രതിഷേധത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിക്കെതിരെ പൊലീസ് കേസെടുത്തു. ബി.ജെ.പി കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റിന്റെ പരാതിയില്‍ കണ്ണൂര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിലൂടെ കലാപമുണ്ടാക്കാനുള്ള ഉദ്ദേശത്തോടെ വിദ്വേഷ പ്രചരണം നടത്തിയെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. രാജ്യത്തെ തെരുവുകള്‍ കലുഷിതമാക്കണമെന്ന ഫേസ്ബുക്ക് കുറിപ്പിന്റെ പേരിലാണ് കേസ്.

‘ഇതൊരു അന്തിമ പോരാട്ടമാണ് പ്രവൃത്തിക്കുക അല്ലെങ്കില്‍ മരിക്കുക
ഇതിനപ്പുറം മറ്റെന്ത് വരാന്‍ നേതൃത്വം ഭാരത ബന്ദ് പ്രഖ്യാപിക്കണം.
രാജ്യത്തെ തെരുവുകള്‍ കലുഷിതമാക്കണം. ക്വിറ്റ് മോദി,’ എന്നാണ് റിജില്‍ മാക്കുറ്റി എഴുതിയിരുന്നത്.

കേസ് എടുക്കാമെങ്കില്‍ കേസ് എടുക്കെന്നും നരേന്ദ്ര മോദി കള്ളനാണെന്നും മറ്റൊരു പോസ്റ്റിലൂടെ റിജില്‍ പറഞ്ഞിരുന്നു. തൃശൂരില്‍ നടന്ന പ്രതിഷേധത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു ഈ പ്രതികരണം.

‘പോരാട്ടം തീജ്വാലയായി പടരും
നരേന്ദ്ര മോദി കള്ളനാണ്
ആയിരം തവണ ഉച്ചത്തില്‍
വിളിച്ച് പറയുന്നു. കേസ് എടുക്കാമെങ്കില്‍ കേസ് എടുക്ക്
മോദിയുടെയും അമിട്ടിന്റെയും തന്തയുടെ വകയല്ല ഇന്ത്യ
രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം
പ്രഖ്യാപിച്ച് തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തില്‍, എന്നായിരുന്നു രണ്ടാമത്തെ പോസ്റ്റില്‍ റിജില്‍ എഴുതിയത്.

അതേസമയം, സംഘപരിവാറിന്റെ നേതാക്കള്‍ കേസ് കൊടുത്താല്‍ അപ്പോള്‍ തന്നെ കേസെടുക്കുന്ന ആഭ്യന്തര വകുപ്പാണ് കേരളത്തിലുള്ളതെന്നും, കേസെടുത്ത് ഭയപ്പെടുത്താനാകില്ലെന്നും റിജില്‍ മാക്കുറ്റി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Content Highlight:  Police have registered a case against Youth Congress State Vice President Rijil Mackutty

We use cookies to give you the best possible experience. Learn more