| Wednesday, 30th June 2021, 6:20 pm

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; അണ്ണാ ഡി.എം.കെ. നേതാവിന്റെ പരാതിയില്‍ വി.കെ ശശികലയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന അണ്ണാ ഡി.എം.കെ. നേതാവിന്റെ പരാതിയില്‍ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ അടുത്ത സഹായി വി.കെ ശശികലയ്ക്കെതിരെ പൊലീസ് കേസെടുത്തു.

എ.ഐ.എ.ഡി.എം.കെ. മന്ത്രിയായിരുന്ന സി.വി. ഷണ്‍മുഖമാണ് ശശികലയ്ക്കും അവരുടെ സഹായികള്‍ക്കെതിരെയും പരാതി നല്‍കിയത്. തമിഴ്നാട് വില്ലുപുരം പൊലീസാണ് കേസ് എടുത്തത്.

ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം 506 (1), 507, 109 എന്നീ വകുപ്പുകള്‍ പ്രകാരവും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്റ്റ് 2000 ലെ സെക്ഷന്‍ 67 പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം രാഷ്ട്രീയം വിടുകയാണെന്ന് പ്രഖ്യാപിച്ച് പിന്‍മാറി നിന്ന വി.കെ. ശശികല അണ്ണാ ഡി.എം.കെയിലേക്ക് തിരികെയെത്തി നേതൃസ്ഥാനം പിടിച്ചെടുക്കാനുള്ള നീക്കം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.

താന്‍ അണ്ണാ ഡി.എം.കെയിലേക്ക് തിരികെ വരുമെന്നും പാര്‍ട്ടി നശിക്കുന്നത് കാണാനാവില്ലെന്നും ശശികല പറയുന്ന ഓഡിയോ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

‘ഞാന്‍ തീര്‍ച്ചയായും മടങ്ങിവരും, വിഷമിക്കേണ്ട. പാര്‍ട്ടിയിലെ എല്ലാം ശരിയാക്കാന്‍ ഞങ്ങള്‍ക്ക് കഴിയും. ധൈര്യമായിരിക്കുക,’ എന്നാണ് ഒരു ഓഡിയോയില്‍ പറയുന്നത്.

ശശികലയുടെ തിരിച്ചുവരവ് ചര്‍ച്ചകള്‍ അണ്ണാ ഡി.എം.കെയില്‍ തന്നെ ചേരിതിരിവ് സൃഷ്ടിച്ചിരിക്കുകയാണ്. ഒരൂകൂട്ടം നേതാക്കള്‍ നേരത്തെ തന്നെ ശശികലയ്ക്ക് പരസ്യ പിന്തുണ പാര്‍ട്ടിയില്‍ പ്രഖ്യാപിച്ചിരുന്നു.

ജയലളിതയുടെ അടുത്ത അനുയായിയായിരുന്ന ശശികല അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്നു. ജനുവരിയിലാണ് ജയില്‍ മോചിതയായത്. 2017 ലാണ് ശശികല ജയിലിലാകുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Police have registered a case against VK Sasikala on the complaint of the AIADMK leader

We use cookies to give you the best possible experience. Learn more