മുഖ്യമന്ത്രിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്; യൂത്ത് ലീഗ് പരിപാടിക്കെതിരെ 'കലാപശ്രമത്തിന്' കേസ്
Kerala News
മുഖ്യമന്ത്രിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്; യൂത്ത് ലീഗ് പരിപാടിക്കെതിരെ 'കലാപശ്രമത്തിന്' കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th June 2022, 7:58 am

പാലക്കാട്: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷിന്റെ ആരോപണത്തിന് പിന്നാലെ മൂഖ്യമന്ത്രിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പതിച്ച് പ്രതിഷേധം സംഘടിപ്പിച്ച യൂത്ത് ലീഗ് പരിപാടിക്കെതിരെ പൊലീസ് കേസെടുത്തു. കലാപശ്രമത്തിനുള്ള വകുപ്പ് ചേര്‍ത്താണ് കേസെടുത്തത്.

പാലക്കാട് പുതുനഗരം പൊലീസാണ് കേസെടുത്തത്. യൂത്ത് ലീഗിന്റെ സമരത്തിനെതിരെ ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

സമൂഹത്തില്‍ ലഹളയുണ്ടാക്കണമെന്നും അപകീര്‍ത്തിപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തോടെ മുഖ്യമന്ത്രിയുടെ ഫോട്ടോ പതിച്ച ലുക്ക് ഔട്ട് നോട്ടീസ് പതിച്ചുവെന്നാണ് പരാതി. മുസ്‌ലിം യൂത്ത് ലീഗിന്റെ പേരില്‍ പുതുനഗരം പ്രദേശങ്ങളില്‍ നോട്ടീസ് പതിച്ചതിനാണ് കേസ്.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രക്കെതിരെ സ്വപ്ന സുരേഷിന്റെ പുതിയ ആരോപണങ്ങളുടെ
പശ്ചാത്തലത്തിലായിരുന്നു ജില്ലാ പൊലീസ് ആസ്ഥാനങ്ങളില്‍ പ്രതീകാത്മക ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിച്ച് പ്രതിഷേധിക്കാന്‍ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്.

‘ചിത്രത്തില്‍ കാണുന്ന കണ്ണൂര്‍ പിണറായി സ്വദേശിയായ വിജയന്‍, 77 വയസ്, കേരള സര്‍ക്കാരില്‍ മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചുവരികെ തന്റെ ഓഫീസും അതിലെ സ്റ്റാഫുകളേയും ദുരുപയോഗം ചെയ്ത് വിദേശത്ത് നിന്ന് സ്വര്‍ണം കടത്തുകയും വിദേശത്തേക്ക് പണം കടത്തിയതായും ആരോപണം ഉയര്‍ന്നിരിക്കുന്നു.

വിമര്‍ശനം വന്ന് ഇത്രയും നേരമായിട്ടും പ്രസ്തുത വിഷയവുമായി യാതൊരു പ്രതികരണത്തിനും അദ്ദേഹം മുതിര്‍ന്നിട്ടില്ലെന്നത് ആരോപണങ്ങള്‍ ശരിവെക്കാന്‍ ഇടയാക്കുന്നു.

തൃക്കാക്കര ഇലക്ഷന്‍ കഴിഞ്ഞത് മുതല്‍ പ്രതികരണ ശേഷി നഷ്ടപ്പെട്ട ടിയാനെ കണ്ടുകിട്ടുന്നവര്‍ താഴെയുള്ള നമ്പറില്‍ ബന്ധപ്പെടണമെന്ന് അറിയിക്കുന്നു,’ എന്നായിരുന്നു ലുക്ക് ഔട്ട് നോട്ടീസിലെ ഉള്ളടക്കം. ഡി.ജി.പിയുടെയും എ.കെ.ജി സെന്ററിന്റേയും കൈരളി ടിവിയുടേയും ഓഫീസിലെ ഫോണ്‍ നമ്പറുകളും ഈ നോട്ടീസില്‍ കൊടുക്കുകയും ചെയ്തിരുന്നു.