മുഹമ്മദ് റിയാസിനെതിരായ വിദ്വേഷ പരാമര്‍ശം; അബ്ദുറഹ്‌മാന്‍ കല്ലായിക്കെതിരെ പൊലീസ് കേസെടുത്തു
കോഴിക്കോട് : മുസ്‌ലിം ലീഗിന്റെ വഖഫ് സംരക്ഷണ റാലില്‍ നടത്തിയ പ്രസംഗത്തില്‍ മന്ത്രി മുഹമ്മദ് റിയാസിനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാന്‍ കല്ലായിക്കെതിരെ പൊലീസ് കേസെടുത്തു. പരപ്പനങ്ങാടി സ്വദേശി മുജീബിന്റെ പരാതിയിലാണ് കോഴിക്കോട് വെള്ളയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്നായിരുന്നു അബ്ദുറഹ്‌മാന്‍ പ്രസംഗത്തില്‍ പറഞ്ഞത്. പ്രസംഗത്തിനിടെ ലൈംഗിക ന്യൂനപക്ഷങ്ങളെയും അബ്ദുറഹ്‌മാന്‍ കല്ലായി അധിക്ഷേപിച്ചിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ അദ്ദേഹം ഖേദപ്രകടനവും നടത്തിയിരുന്നു.
വഖഫ് സംരക്ഷണ റാലിക്കെതിരെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ലീഗ് നേതാക്കള്‍ക്കും കണ്ടാലറിയുന്ന 10,000 പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് കോഴിക്കോട് വെള്ളയില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. അനുമതിയില്ലാതെ ജാഥ നടത്തി, ഗതാഗതം തടസപ്പെടുത്തി, തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
അതേസമയം, വഖഫ് സംരക്ഷണ റാലിക്ക് മുന്നോടിയായുള്ള പ്രകടനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ മുദ്രാവാക്യമുയര്‍ത്തിയതില്‍ മാപ്പ് പറഞ്ഞ് ലീഗ് പ്രവര്‍ത്തകന്‍ രംഗത്തെത്തിയിരുന്നു. കണ്ണൂര്‍ സ്വദേശശി താജുദ്ദീന്‍ എന്നയാളാണ് വീഡിയോ സന്ദേശത്തിലൂടെ ക്ഷമാപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
മറ്റൊരു പ്രകടനത്തില്‍ കേട്ട വാക്ക് അറിയാതെ ഉപയോഗിച്ചുപോയതാണ്. വാക്ക് പിഴകൊണ്ട് സംഭവിച്ച അബദ്ധമാണ്. പ്രകടനങ്ങളില്‍ മുദ്രാവാക്യം വിളിച്ച് പരിചയമല്ലാത്ത ആളാണ്. ആവേശത്തിന്റെ പുറത്ത് സംഭവിച്ചതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. മുഖ്യമന്ത്രിയും മറ്റ് നേതാക്കളും തന്നോട് ക്ഷമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
CONTENT HIGHLIGHTS: Police have registered a case against Muslim League state secretary Abdurahman Kallayi for making hate speech against minister Mohammad Riyas