ഷിംല: ഹിമാചല്‍ പ്രദേശിലെ സഞ്ജൗലിയില്‍ അനധികൃത നിര്‍മാണമെന്ന് ആരോപിച്ച് പള്ളി പൊളിക്കാന്‍ ആഹ്വാനം ചെയ്ത് നിരത്തിലിറങ്ങിയവര്‍ക്കെതിരെ നടപടി. പള്ളി പൊളിക്കണമെന്ന് ആവശ്യപ്പെട്ട 50 ബി.ജെ.പി പ്രവര്‍ത്തക്കെതിരെയും വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസെടുത്തു.
നിരോധനാജ്ഞ ലംഘിച്ച് സഞ്ജൗലിയിലെത്തിയ ആള്‍ക്കൂട്ടത്തിലെ 60ഓളം ആളുകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഷിംല പൊലീസ് സൂപ്രണ്ട് സഞ്ജീവ് ഗാന്ധി പറഞ്ഞു.
പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനായി നടപടികള്‍ തുടരുകയാണെന്നും പൊലീസ് സൂപ്രണ്ട് അറിയിച്ചു. ഏതാനും പ്രവര്‍ത്തകര്‍ ഒളിവിലാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ സമാധാനം തകര്‍ക്കാന്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണ് പ്രതിഷേധമെന്നും സഞ്ജീവ് ഗാന്ധി ചൂണ്ടിക്കാട്ടി.
വിദ്വേഷം വളര്‍ത്തല്‍, ആരാധനാലയങ്ങള്‍ക്ക് നേരെയുള്ള അതിക്രമം, നിയമവിരുദ്ധമായി സംഘം ചേരല്‍, ക്രിമിനല്‍ ഗൂഢാലോചന, ആക്രമണം, വ്യാജ പ്രചാരണം, അധികൃതരുടെ ഉത്തരവുകള്‍ അനുസരിക്കാതിരിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മസ്ജിദ് പൊളിക്കാന്‍ തീവ്രവലതുപക്ഷ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത്. മസ്ജിദില്‍ പുറത്തുനിന്നുള്ളവര്‍ക്ക് അഭയം നല്‍കുന്നുവെന്നും ഹിന്ദുത്വ പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു.
ഹിന്ദു ജാഗരന്‍ മഞ്ച് ഉള്‍പ്പെടെയുള്ള തീവ്രവലതുപക്ഷ സംഘടനകളാണ് സഞ്ജൗലിയില്‍ പ്രതിഷേധം നടത്തിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. നൂറുകണക്കിന് ആളുകളാണ് പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ത്ത് സഞ്ജൗലിയില്‍ എത്തിയത്. പൊലീസുമായുണ്ടായ ഏറ്റമുട്ടലില്‍ രണ്ട് പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റിരുന്നു. ലാത്തി ചാര്‍ജിനിടയില്‍ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്ക് പറ്റുകയുണ്ടായി.
അതേസമയം മസ്ജിദ് നിര്‍മിച്ചിരിക്കുന്ന ഭൂമി തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് സംസ്ഥാന വഖഫ് ബോര്‍ഡ് പ്രതികരിച്ചിരുന്നു. വഖഫ് ബോര്‍ഡിന്റെ കൈവശമുള്ള രേഖകള്‍ പ്രകാരം ഒരു നിലയുള്ള മസ്ജിദ് കെട്ടിടം സഞ്ജൗലിയില്‍ നിര്‍മിച്ചിട്ടുണ്ടെന്നും പറയുന്നു.
എന്നാല്‍ മസ്ജിദില്‍ കൂടുതലായി പണിതിട്ടുള്ള അധിക നിലകളെ സംബന്ധിച്ച വിഷയമാണ് തങ്ങള്‍ ഉന്നയിക്കുന്നതെന്നായിരുന്നു ഹിന്ദുത്വ വാദികളുടെ വാദം.
മസ്ജിദ് നിലവില്‍ കോടതിയുടെ പരിഗണനിയിലാണ്. 2000 ല്‍ ഷിംല മുന്‍സിപ്പില്‍ കമ്മീഷണറുടെ മുമ്പാകെ മസ്ജിദിനെതിരെ പരാതി എത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മസ്ജിദ് കോടതിയുടെ നിരീക്ഷണത്തിലായത്.
പള്ളി പൊളിക്കണമെന്ന് ആഹ്വാനം ചെയ്ത് ഷിംലയില്‍ ആള്‍ക്കൂട്ടമെത്തിയതിന് പിന്നാലെ ഹിന്ദു ജാഗരന്‍ മഞ്ച് സെക്രട്ടറി കമല്‍ ഗൗതം ഉള്‍പ്പെടെ നിരവധി തീവ്രവലതുപക്ഷ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ബി.ജെ.പി, വി.എച്ച്.പി പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിരിക്കുനന്ത്.
Content Highlight: Police have registered a case against 50 BJP activists and VHP workers who demanded the demolition of the mosque in shimla