തൃശ്ശൂര്‍: കൊടകര കള്ളപ്പണക്കേസില്‍ കവര്‍ച്ച ചെയ്ത 5.77 ലക്ഷം രൂപ കൂടി പൊലീസ് കണ്ടെത്തി. കേസിലെ പ്രതികളായ അലി, റഹീം എന്നിവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് തുക കണ്ടെത്തിയത്.
പണം കടം നല്‍കിയെന്ന പ്രതികളുടെ മൊഴി പ്രകാരം കടം നല്‍കിയവരെ കണ്ടെത്തിയാണ് പൊലീസ് തുക പിടിച്ചെടുത്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലുള്ളവര്‍ക്കാണ് പണം നല്‍കിയതെന്ന പ്രതികളുടെ മൊഴിപ്രകാരം ഇവിടെ അന്വേഷണം നടത്തിയിരുന്നു.
അതേസമയം, കൊടകര കുഴല്‍പ്പണ കവര്‍ച്ച കേസില്‍ ആറ് പ്രതികളുടെ ജാമ്യാപേക്ഷയില്‍ ജില്ല സെഷന്‍സ് ജഡ്ജി ഡി. അജിത്കുമാര്‍ ഈ മാസം 30ന് വിധി പറയും.
ഒന്നാം പ്രതി മുഹമ്മദ് അലി(35), രണ്ടാം പ്രതി സുജീഷ്(41), നാലാം പ്രതി ദീപക്(ശങ്കരന്‍- 40), പതിനൊന്നാം പ്രതി ഷുക്കൂര്‍ (24), പതിനാലാം പ്രതി അബ്ദുറഹീം(35), ഇരുപതാം പ്രതി ദീപ്തി(34) എന്നിവരുടെ ജാമ്യാപേക്ഷയിലാണ് വാദം പൂര്‍ത്തിയായത്.
കൊടകര കേസില്‍ അന്വേഷണം തുടങ്ങിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. വിശദമായ സത്യവാങ്മൂലത്തിന് രണ്ടാഴ്ചത്തെ സമയം വേണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞമാസം 25ന് തന്നെ സംഭവവുമായി ബന്ധപ്പെട്ട് പ്രാരംഭ കേസന്വേഷണം ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട ഫയല്‍ ഓപ്പണ്‍ ചെയ്തു എന്നാണ് ഇ.ഡിയുടെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചത്. ഇതിന്റെ വിശദാംശങ്ങള്‍ സത്യവാങ്മൂലമായി സമര്‍പ്പിക്കാന്‍ ഇ.ഡി. തയ്യാറാണ് അതിന് രണ്ടാഴ്ചത്തെ സമയം വേണമെന്നും ഇ.ഡി. ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.