| Friday, 30th July 2021, 8:45 pm

പശുവിന് പുല്ലരിയാന്‍ പോയി; രണ്ടായിരം രൂപ പിഴയിട്ട് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍കോട്: ക്വാറന്റൈന്‍ ലംഘിച്ച് പശുവിന് പുല്ലരിയാന്‍ പോയ ക്ഷീരകര്‍ഷകന് 2,000 രൂപ പിഴയിട്ട് പൊലീസ്. കോടോംബെളൂര്‍ പഞ്ചായത്തിലെ ആറ്റേങ്ങാനം പാറക്കല്‍ വേങ്ങയില്‍ വീട്ടില്‍ വി. നാരായണനാണ് പൊലീസ് പിഴയിട്ടത്. വീട്ടിലെത്തിയായിരുന്നു പൊലീസ് പിഴയടയ്ക്കാന്‍ നോട്ടീസ് നല്‍കിയത്.

പിഴ അടച്ചില്ലെങ്കില്‍ കേസ് കോടതിയിലെത്തുമെന്നും വലിയ വലിയ ബുദ്ധിമുട്ട് അനുഭവക്കണമെന്നും പൊലീസുകാര്‍ ഭീഷണിപ്പെടുത്തിയതായി വീട്ടുകാര്‍ പരാതി പറയുന്നുണ്ട്.

ഭാര്യ ഷൈലജയ്ക്ക് കൊവിഡ് പോസിറ്റീവായതോടെയാണ് നാരായണനും കുടുംബവും ഒറ്റപ്പെട്ടത്. തൊഴിലുറപ്പിന് പോകാന്‍ കൊവിഡ് പോസിറ്റീവ് അല്ലെന്ന സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ പരിശോധിച്ചപ്പോഴായിരുന്നു രോഗം സ്ഥിരീകരിച്ചത്.

തുടര്‍ന്ന് നാരായണനും കുടുംബവും ക്വാറന്റൈനിലായതോടെ വീട്ടിലെ പശുക്കളും പട്ടിണിയായിരുന്നു. പശുവിനേയും കൊണ്ട് വിജനമായ പറമ്പില്‍ പുല്ലരിയാന്‍ പോയതിനാണ് നാരായണന് പൊലീസ് പിഴ ചുമത്തിയത്.

പത്തിലും ഏഴിലും പഠിക്കുന്ന രണ്ട് കുട്ടികളും നാരായണന്റെ അമ്മയും അനിയനും അടങ്ങുന്നതാണ് കുടുംബം. 50,000 രൂപ വായ്പയെടുത്താണ് നാരായണന്‍ പശുവിനെ വാങ്ങിയത്.

പാല്‍ വിറ്റ് കിട്ടുന്നവരുമാനം കൊണ്ടാണ് ഉപജീവനം നടത്തിയിരുന്നത്. ഭാര്യക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പാല്‍ വാങ്ങാന്‍ ആളില്ലാതായെന്നും നാരായണന്‍ പറഞ്ഞു.

ഉപജീവന മാര്‍ഗം പോലും വഴിമുട്ടിയിരിക്കുന്ന അവസ്ഥയിലാണ് പൊലീസ് നടപടിയെന്നും ഈ സാഹചര്യത്തില്‍ ആരാണ് തന്റെ പശുവിന് ഭക്ഷണമെത്തിക്കുകയെന്നും നാരായണന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Police have fined a dairy farmer Rs 2,000 for violating a quarantine for eating cow

We use cookies to give you the best possible experience. Learn more