ഉത്തരാഖണ്ഡ്: ബക്രീദ് ആഘോഷിക്കാന്‍ ബദ്രിനാഥില്‍ നിന്നും 40 കിലോ മീറ്റര്‍ അകലെയുള്ള ജോഷിമഠില്‍ പോകാന്‍ മുസ്‌ലിങ്ങളോട് ആവശ്യപ്പെട്ട് പൊലീസ്. ബദ്രിനാഥില്‍ താമസിക്കുന്ന മുസ്‌ലിങ്ങളില്‍ ഭൂരിഭാഗവും ബദ്രിനാഥ് ക്ഷേത്ര പുനരുദ്ധാരണത്തിന്റെ ഭാഗമായി ജോലി ചെയ്യുന്ന കുടിയേറ്റ തൊഴിലാളികളാണ്.
ചൊവ്വാഴ്ച മുസ് ലിങ്ങളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ എടുത്ത തീരുമാനമാണിതെന്ന് ബദ്രിനാഥ് പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ കെ.സി ഭട്ട് പറഞ്ഞു.
ബക്രീദ് നിസ്‌കാരം ജോഷിമഠില്‍ വെച്ച് നടത്തുന്നതില്‍ ആര്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിന്റെ അന്തസ് നിലനിര്‍ത്തുന്നതിനായി എല്ലാ വിഭാഗക്കാരും പൊലീസ് സ്റ്റേഷനില്‍ വെച്ച് നടന്ന യോഗത്തില്‍ ഇത് അംഗീകരിച്ചതായി ബദ്രിഷ് പാണ്ട പഞ്ചായത്ത് പ്രസിഡന്റ് പ്രവീണ്‍ ധ്യാനി പി.ടി.ഐയോട് പറഞ്ഞു. ബക്രീദ് ആഘോഷിക്കാന്‍ ജോഷിമഠിലേക്ക് പോകാമെന്ന് മുസ്‌ലിങ്ങള്‍ ഉറപ്പുനല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.