| Friday, 11th March 2022, 3:40 pm

കൊരട്ടിയില്‍ യുവതിയെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായ വി.എച്ച്.പി പ്രവര്‍ത്തകന്‍ സത്യവാനെ റിമാന്‍ഡ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: കൊരട്ടിയില്‍ യുവതിയെ ആക്രമിച്ച ശേഷം ഒളിവില്‍ കഴിയുകയായിരുന്ന വി.എച്ച്.പി പ്രവര്‍ത്തകനെ പൊലീസ് പിടികൂടി. കോനൂര്‍ സ്വദേശി സത്യവാനാണ് പിടിയിലായത്.

കൊരട്ടി എസ്.എച്ച്.ഒ ബി.കെ. അരുണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അതിരപ്പള്ളിയില്‍ റിസോര്‍ട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന സത്യവാനെ പിടികൂടിയത്. പ്രതി റിമാന്‍ഡിലാണ്

തിങ്കളാഴ്ച രാത്രിയാണ് പാലപ്പിള്ളി സ്വദേശിയായ വൈഷ്ണവിയെ സത്യവാന്‍ അക്രമിച്ചത്. ക്രൂരമായി മര്‍ദനമേറ്റ വൈഷ്ണവി ആശുപത്രിയില്‍ ചികിത്സയിലാണ്. വൈഷ്ണവിയുടെ ഭര്‍ത്താവ് മുകേഷിന്റെ അമ്മയും സത്യവാനും തമ്മിലുള്ള സൗഹൃദം ചോദ്യം ചെയ്തതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായത്.

അയല്‍വീട്ടില്‍ നില്‍ക്കുകയായിരുന്ന വൈഷ്ണവിയെ സത്യവാന്‍ അപ്രതീക്ഷിതമായെത്തി ആക്രമിക്കുകയായിരുന്നു. താക്കോല്‍ക്കൂട്ടം ഉപയോഗിച്ചാണ് മര്‍ദിച്ചത്. വൈഷ്ണവിയുടെ മുഖത്തും ശരീരത്തിലും പരിക്കേറ്റിട്ടുണ്ട്. കണ്ണിനു താഴെ എല്ലിന് പൊട്ടലുണ്ടായിട്ടുണ്ട്. ആക്രമണം തടയാനെത്തിയ ഭര്‍ത്താവിനും മര്‍ദനമേറ്റെങ്കിലും പരിക്കേറ്റില്ല.

ആക്രമണത്തിന് ശേഷം കറുകുറ്റിയിലുള്ള സ്വകാര്യ ആശുപത്രിയില്‍ വൈഷ്ണവി ചികിത്സ തേടിയിരുന്നു. വൈഷ്ണവിയുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണം തുടങ്ങിയതോടെ പ്രതി ഒളിവില്‍ പോയിരുന്നു.

CONTENT HIGHLIGHTS:  Police have arrested a VHP activist who was absconding after attacking a woman in Koratti

We use cookies to give you the best possible experience. Learn more