| Wednesday, 7th March 2018, 8:47 pm

കൊട്ടക്കമ്പൂര്‍ ഭൂമി വിവാദം: ജോയ്‌സ് ജോര്‍ജ്ജ് എം.പിയ്ക്കു പൊലീസിന്റെ ക്ലീന്‍ചിറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൊടുപുഴ: കൊട്ടക്കമ്പൂരിലെ ഭൂമി വിവാദത്തില്‍ ജോയ്‌സ് ജോര്‍ജ്ജ് എം.പിയ്ക്കു പൊലീസിന്റെ ക്ലീന്‍ചിറ്റ്. എം.പിയ്ക്ക് ഭൂമി ലഭിച്ചത് നിയമപരമായാണെന്ന് മൂന്നാര്‍ ഡി.വൈ.എസ്.പിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. തൊടുപുഴ സെഷന്‍സ് കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കൂടുതല്‍ രേഖകള്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞവര്‍ഷം നവംബര്‍ 11-നാണ് ജോയ്‌സ് ജോര്‍ജ്ജ് എം.പിയുടെ പട്ടയം സര്‍ക്കാര്‍ റദ്ദാക്കിയത്. ഇടുക്കി വട്ടവട പഞ്ചായത്തിലെ കൊട്ടക്കമ്പൂര്‍ വില്ലേജിലെ 28 ഏക്കര്‍ ഭൂമിയുടെ പട്ടയമാണ് അന്ന് റദ്ദാക്കിയത്. വ്യാജപട്ടയം ഉപയോഗിച്ച് എം.പി കയ്യേറിയത് സര്‍ക്കാറിന്റെ തരിശുഭൂമിയാണെന്നാണ് ദേവികുളം സബ്കളക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്നാണ് പട്ടയം റദ്ദാക്കിയത്. കൊട്ടാക്കമ്പൂര്‍ വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 58-ല്‍ 32 ഏക്കര്‍ സ്ഥലമാണു ജോയ്‌സ് ജോര്‍ജിനും കുടുംബാംഗങ്ങള്‍ക്കുമുള്ളത്. ഇതില്‍ ഉള്‍പ്പെട്ട 28 ഏക്കറിന്റെ പട്ടയമാണു റദ്ദാക്കിയത്.


Also Read: ‘താമര വളര്‍ന്ന് ജെ.സി.ബിയായി’; ത്രിപുരയില്‍ ലെനിന്റെ പ്രതിമ ബി.ജെ.പിക്കാര്‍ തകര്‍ത്തതിനെ പരിഹസിച്ച് ബി.ബി.സിയില്‍ കാര്‍ട്ടൂണ്‍


ജോയ്‌സ് ജോര്‍ജ്, ഭാര്യ അനൂപ, ജോയ്‌സിന്റെ സഹോദരങ്ങളായ ജോര്‍ജി ജോര്‍ജ്, രാജീവ് ജ്യോതിഷ്, സഹോദരി ഭര്‍ത്താവ് ഡേവിഡ് ജോബ്, മറ്റൊരു സഹോദരന്‍ ജസ്റ്റിന്റെ ഭാര്യ ജിസ്, മാതാവ് മേരി ജോര്‍ജ് എന്നിവര്‍ കൈവശം വച്ചിരിക്കുന്ന ഭൂമിയുടെ പട്ടയങ്ങളാണു റദ്ദാക്കിയത്. ജോയ്‌സിനും ഭാര്യയ്ക്കും മാത്രമായി ഇതില്‍ എട്ട് ഏക്കറാണുള്ളത്.

ഇതുസംബന്ധിച്ച് 2014-ല്‍ ആണ് കളക്ടര്‍ക്ക് ആദ്യപരാതി ലഭിക്കുന്നത്. 2001-ല്‍ ജോയ്‌സ് ജോര്‍ജ്ജിന്റെ പിതാവ് പവര്‍ ഓഫ് അറ്റോര്‍ണി ഉപയോഗിച്ച് തമിഴ് വംശജരും പട്ടികജാതി വിഭാഗത്തില്‍ പെടുന്നവരുമായ മുരുകന്‍, ഗണേശന്‍, വീരമ്മാള്‍, പൂങ്കൊടി, ലക്ഷ്മി, ബാലന്‍, മാരിയമ്മാള്‍, കുമാരക്കള്‍ എന്നിവരില്‍ നിന്നു 32 ഏക്കര്‍ ഭൂമി കൈവശപ്പെടുത്തിയെന്നായിരുന്നു പരാതി. വ്യാജരേഖകള്‍ ഉപയോഗിച്ച് ആദ്യ ഉടമകളുടെ പേരില്‍ പട്ടയം തരപ്പെടുത്തുകയും പിന്നീട് ആ വസ്തു സ്വന്തമാക്കുകയും ചെയ്‌തെന്നാണ് ആരോപണം.

Latest Stories

We use cookies to give you the best possible experience. Learn more