കുഞ്ഞാലിക്കുട്ടിക്കെതിരായ പരാതിക്കാരന്റെ വീട്ടില്‍ പിണറായിയുടെ രഹസ്യ പൊലീസിനെന്ത് കാര്യം?
Daily News
കുഞ്ഞാലിക്കുട്ടിക്കെതിരായ പരാതിക്കാരന്റെ വീട്ടില്‍ പിണറായിയുടെ രഹസ്യ പൊലീസിനെന്ത് കാര്യം?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th August 2016, 5:03 pm

kunjalikutty
കണ്ണൂര്‍: മുന്‍ വ്യവസായ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അനധികൃത സ്വത്തു സമ്പാദനത്തെപ്പറ്റി വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയ കണ്ണൂര്‍ ഇരിട്ടി സ്വദേശി എ.കെ ഷാജിയെ പൊലീസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നതായി പരാതി.

അഴിമതി വിരുദ്ധ പ്രവര്‍ത്തകനായ എ.കെ ഷാജിയോട് കേസ് സംബന്ധമായ കാര്യങ്ങള്‍ ചോദിച്ചറിയുന്നതിന് പകരം ഷാജിയുടെ സ്വകാര്യ വിവരങ്ങളും കുടുംബ കാര്യങ്ങളും ചോദിക്കുകയാണ് പൊലീസ് ചെയ്തത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം ഡി.ജി,പിക്ക് പരാതി നല്‍കിയിട്ടുണ്ട്.

കേസിന്റെ കാര്യങ്ങള്‍ക്കു പുറമെ കുട്ടികള്‍ എവിടെ പഠിക്കുന്നു എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍  ചോദിച്ചപ്പോള്‍ താന്‍ പ്രതിഷേധിക്കാന്‍ ശ്രമിച്ചുവെങ്കിലും അത്തരം കാര്യങ്ങള്‍ ആവര്‍ത്തിച്ച് ചോദിക്കുകയാണ് പൊലീസ് ചെയ്തതെന്ന് ഷാജി ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

തന്റെ സ്വകാര്യ ജീവിതത്തേയും സുരക്ഷയേയും ബാധിക്കുന്ന വിവരങ്ങള്‍ നല്‍കാനാവില്ലെന്നും കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിക്കാമെന്ന് ആവര്‍ത്തിച്ചിട്ടും നിലപാട് മാറ്റാന്‍ സിവില്‍ വസ്ത്രത്തിലെത്തിയ ഇന്റലിജന്‍സ് പൊലീസ് ഉദ്യോഗസ്ഥന്‍ തയ്യാറായില്ലെന്നും ഷാജി വ്യക്തമാക്കുന്നു.

വ്യക്തിപരമായ കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ തന്നോട് സഹകരിച്ചില്ലെങ്കില്‍ ഇനി സി.ഐയോ ഡി.വൈ.എസ്.പിയോ തന്നെ തൂക്കിയെടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയതായും ഷാജി ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ചോദ്യം ചെയ്യലെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായും ഷാജി പറയുന്നു.

ഇതിനൊപ്പം പി.കെ കുഞ്ഞാലിക്കുട്ടിയുടെ ലെറ്റര്‍പാഡിലുള്ള ഒരു കത്ത് കാണിച്ച് പരാതി ഇതാണെന്ന് പറയുകയും ചെയ്‌തെന്നും എന്നാല്‍ തനിക്കെതിരായി എന്ത് ആരോപണമാണ് കുഞ്ഞാലിക്കുട്ടി ഉന്നയിച്ചന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചില്ലെന്നും ഷാജി പരാതിയില്‍ വ്യക്തമാക്കി.

തന്റെ വ്യക്തിപരമായ വിവരങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ അന്യായമായി ഭീഷണിപ്പെടുത്തി ശേഖരിക്കുന്നത് കുഞ്ഞാലിക്കുട്ടിയടക്കമുളളവര്‍ക്ക് വേണ്ടിയാണെന്ന് താന്‍ ഭയപ്പെടുന്നതായും എ.കെ ഷാജി ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

താനും തന്റെ കുടുംബവും സുരക്ഷാ ഭീഷണിയിലാണ്. ഇത്തരത്തില്‍ തനിക്കോ കുടുംബത്തിനോ എന്തെങ്കിലും അപകടം സംഭവിച്ചാല്‍ അതിന് പിന്നില്‍ പി.കെ കുഞ്ഞാലിക്കുട്ടി, കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാര്‍, ടോമിന്‍ തച്ചങ്കരി ഐ.പി.എസ് എന്നിവരിലാരെങ്കിലുമാകാന്‍ സാധ്യതയുണ്ടെന്നും എ.കെ ഷാജി പരാതിയില്‍ ആരോപിക്കുന്നു.

എ.കെ ഷാജി നല്‍കിയ കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരായി ത്വരിത പരിശോധന നടത്തുവാനും ഓഗസ്റ്റ് 18നു റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനും വിജിലന്‍സ് ഡയറക്ടറോട് ജൂലൈ 30നു കോടതി ഉത്തരവിട്ടിരുന്നു.

ഷാജിയുടെ വീട്ടില്‍ രായ്ക്കുരാമാനം പിണറായിയുടെ ഇന്റലിജന്‍സ് പോലീസ് കയറിയിറങ്ങുന്നത് എന്തിനായിരിക്കും? വിജിലന്‍സ് അന്വേഷിക്കുന്ന കേസില്‍ പരാതിക്കാരനെ ലോക്കല്‍ പോലീസ് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തുന്നത് എന്തിനായിരിക്കും? കാന്തപുരത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ടതും പോലീസിനു പിടിച്ചിട്ടില്ലത്രേ !! പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും ഹൈക്കോടതി അഭിഭാഷകനുമായ ഹരിഷ് വാസുദേവന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ഇങ്ങനെ പറയുന്നു.

അഴിമതിക്കെതിരായ പരാതിക്കാരന്റെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ട പൊലീസ് ഇക്കാര്യത്തില്‍ പരാതിക്കാരനെതിരെ തിരിയുന്നത് എന്തുകൊണ്ടാണെന്ന് ആരു പറയുമെന്നും ഹരിഷ് വാസുദേവന്‍ തന്റെ എഫ്.ബിപോസ്റ്റില്‍ ചോദിക്കുന്നു.

അതേസമയം എ.കെ ഷാജിയുടെ പിറകില്‍ ഒരു മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബ്ലാക്ക് മെയിലിലൂടെ പണം സമ്പാദിക്കുകയാണ് ലക്ഷ്യമെന്നും ആരോപിച്ചായിരുന്നു മുഖ്യമന്ത്രിക്ക് പി.കെ കുഞ്ഞാലിക്കുട്ടി പരാതി നല്‍കിയത്.