കൊച്ചി: മകരവിളക്കിനോടനുബന്ധിച്ച് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനായി പന്തളം കൊട്ടാരത്തില്‍ നിന്ന് കൊണ്ടുവരുന്ന തിരുവാഭരണ ഘോഷ യാത്ര പൂര്‍ണ സായുധ പൊലീസ് സുരക്ഷയില്‍ ആയിരിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.
പന്തളം കൊട്ടാരത്തിന് വേണ്ടി കൊട്ടാരം മാനേജ്‌മെന്റ് കമ്മിറ്റി ഹൈക്കോടതിയില്‍ നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെയായിരുന്നു സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. സര്‍ക്കാരിനോട് വിഷയത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു.
തിരുവാഭരണ ഘോഷയാത്രയ്ക്ക് പൂര്‍ണ സായുധ പൊലീസ് സുരക്ഷ ഒരുക്കുമെന്നും ഡി.വൈ.എസ്.പിമാര്‍ ഉള്‍പ്പെടെ ഘോഷയാത്രയെ അനുഗമിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. തിരുവാഭരണ യാത്രയെ അനുഗമിക്കുന്ന കൊട്ടാരം പ്രതിനിധിക്കും സുരക്ഷ ഏര്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ പറഞ്ഞു.
ഇതില്‍ കൂടുതല്‍ എന്ത് സുരക്ഷയാണ് സര്‍ക്കാരിന് ഉറപ്പാക്കാന്‍ കഴിയുകയെന്ന് ഹരജി പരിഗണിച്ചുകൊണ്ട് കോടതി ചോദിച്ചു. സര്‍ക്കാര്‍ നിലപാട് അംഗീകരിച്ചുകൊണ്ട് കോടതി ഹരജി തീര്‍പ്പാക്കുകയും ചെയ്തു.
മകരവിളക്കിനോടനുബന്ധിച്ച് അയ്യപ്പന് ചാര്‍ത്താനായി പന്തളം കൊട്ടാരത്തില്‍ നിന്ന് കൊണ്ടുവരുന്ന തിരുവാഭരണം തിരിച്ചികിട്ടുമോ എന്ന ആശങ്കയെത്തുടര്‍ന്ന് ദേവസ്വം ബോര്‍ഡില്‍ നിന്നും കഴിഞ്ഞ ദിവസം കൊട്ടാരം ഉറപ്പ് വാങ്ങിയിരുന്നു.
ശബരിമലയിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് തിരുവാഭരണം തിരിച്ചുകൊടുക്കമോ എന്ന ആശങ്കയെ തുടര്‍ന്ന് പന്തളം കൊട്ടാരം ദേവസ്വം ബോര്‍ഡില്‍ നിന്നും ഉറപ്പുവാങ്ങിയിരുന്നു.
തിരുവാഭരണം അതേപോലെ തിരിച്ച് ഏല്‍പ്പിക്കുമെന്ന് ദേവസ്വം കമ്മിഷണര്‍ ഉറപ്പ് നല്‍കുകയും ഘോഷയാത്രയ്ക്ക് കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിക്കുകയുമായിരുന്നു.