തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ കേസില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തൃശൂര്‍ പൊലീസ് ക്ലബില്‍ ഹാജരാകാനാണ് നിര്‍ദേശം.
കെ. സുരേന്ദ്രന്റെ കോഴിക്കോട്ടെ വീട്ടില്‍ നേരിട്ടെത്തിയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് നല്‍കിയത്. കൊടകര കുഴല്‍പ്പണ കേസില്‍ സുരേന്ദ്രനെ ചോദ്യം ചെയ്‌തേക്കുമെന്ന സൂചനകള്‍ നേരത്തെ തന്നെ വന്നിരുന്നു.
കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍ ഹാജരാകേണ്ടതില്ലെന്നാണ് ബി.ജെ.പി. നേതൃത്വം എടുത്തിരിക്കുന്ന നിലപാട്. ഈ സാഹചര്യത്തില്‍ സുരേന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരാകുമോ എന്ന് വ്യക്തതയില്ല.
നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബി.ജെ.പിയുടെ മൂന്നര കോടി വരുന്ന പണം നഷ്ടപ്പെട്ടത് സംബന്ധിച്ച കേസിലാണ് കെ. സുരേന്ദ്രനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്.
കൊടകര കുഴല്‍പ്പണ കേസ് പ്രതി ധര്‍മരാജന്റെ ഫോണ്‍ കോളുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ നിരവധി ബി.ജെ.പി. നേതാക്കളെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. കുഴല്‍പ്പണം നഷ്ടപ്പെട്ട ഉടനെ ധര്‍മരാജന്‍ വിളിച്ചത് ഏഴ് ബി.ജെ.പി. നേതാക്കളെയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണനെയാണ് ആദ്യം ധര്‍മരാജന്‍ ഫോണില്‍ ബന്ധപ്പെട്ടതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ധര്‍മരാജനുമായി കെ. സുരേന്ദ്രന് ബന്ധമുണ്ടെന്ന പൊലീസ് കണ്ടെത്തലിന്റെ അനുമാനത്തിലാണ് പൊലീസ് വിളിപ്പിച്ചിരുന്നത്.
സുരേന്ദ്രന്റെ സെക്രട്ടറിയെയും ഡ്രൈവറെയും നേരത്തെ പൊലീസ് ചോദ്യം ചെയ്തിരുന്നു. തൃശ്ശൂരില്‍ വിളിച്ചു വരുത്തി പൊലീസ് ശേഖരിച്ച മൊഴിയില്‍ ധര്‍മ്മരാജനെ തങ്ങള്‍ക്ക് പരിചയമുണ്ടെന്നാണ് ഇരുവരും മൊഴിനല്‍കിയത്.
കെ. സുരേന്ദ്രനും ധര്‍മ്മരാജനെ പരിചയമുണ്ടെന്നാണ് ഇവരുടെ മൊഴിയില്‍ പറഞ്ഞത്. എന്നാല്‍ തെരഞ്ഞെടുപ്പ് കാലത്ത് നേരിട്ട് കണ്ടിരുന്നോ എന്നറിയില്ലെന്നും ഇവര്‍ പറഞ്ഞിട്ടുണ്ട്.
ധര്‍മരാജന്‍ തൃശ്ശൂരില്‍ എത്തിച്ചത് 9.80 കോടി രൂപയാണെന്ന് പൊലീസ് പറഞ്ഞിരുന്നു. ഈ പണത്തില്‍ 6.30 കോടി രൂപ തൃശ്ശൂരില്‍ നല്‍കി. ബാക്കി തുകയുമായി പോകുന്ന വഴിയാണ് കവര്‍ച്ച നടന്നതെന്നാണ് വിവരം.
പ്രതി ധര്‍മരാജന്‍ നേരത്തെയും കുഴല്‍പ്പണം കേരളത്തിലേക്ക് കടത്തിയിട്ടുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. പണം എവിടെ നിന്ന് വന്നു, എങ്ങനെ എത്തിച്ചു തുടങ്ങിയ കാര്യങ്ങളും അന്വേഷിച്ച് വരുന്നതിനിടെയാണ് ഒന്‍പത് കോടിയലധികം രൂപയാണ് കേരളത്തിലേക്ക് കൊണ്ടുവന്നതെന്ന വിവരം പുറത്ത് വരുന്നത്.
നേരത്തെ കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ ഒന്നര കോടിയോളം രൂപയായിരുന്നു കണ്ടെത്തിയത്. രണ്ട് കോടി രൂപയോളം കണ്ടെത്താനുണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു.
6.30 കോടി രൂപയില്‍ രണ്ട് കോടി രൂപ തൃശ്ശൂര്‍ മണ്ഡലത്തിന് വേണ്ടി മാത്രം നല്‍കിയെന്നാണ് വിവരം.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Police gave notice to K Surendran for questioning in Kodakara Hawala Case