| Wednesday, 26th July 2023, 10:10 am

മനപൂര്‍വ ഇടപെടല്‍ നടന്നോവെന്ന് മാത്രമാണ് പരിശോധിക്കുന്നത്; മൈക്ക് വിവാദത്തില്‍ പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കെ.പി.സി.സി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ മൈക്കിന്റെ ശബ്ദം തടസപ്പെട്ടതിനെതിരെ കേസെടുത്തതില്‍ വിശദീകരണവുമായി പൊലീസ്. നടക്കുന്നത് പരിശോധന മാത്രമാണെന്നും, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെ്ക്‌ട്രേറ്റില്‍ പരിശോധനക്ക് അയക്കാന്‍ കേസെടുക്കേണ്ടതുള്ളതിനാലാണ് എഫ്.ഐ.ആര്‍ എടുത്തതെന്നും പൊലീസ് അറിയിച്ചു.

ഹൗളിങ്ങ് നടന്നതില്‍ മനപൂര്‍വമായ ഇടപെടല്‍ പരിശോധിക്കുക മാത്രമാണ് ലക്ഷ്യമെന്നും പൊലീസ് അറിയിച്ചു. പൊതു സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ മൈക്ക് പ്രവര്‍ത്തിച്ചു എന്നാണ് എഫ്.ഐ.ആറിലുള്ളത്. പൊലീസ് ആക്ട് 118 ഇ വകുപ്പ് പ്രകാരമാണ് കേസ്. ചടങ്ങില്‍ പങ്കെടുത്ത മറ്റ് നേതാക്കള്‍ സംസാരിച്ചപ്പോഴുണ്ടാകാത്ത ഹൗളിങ്ങ് എങ്ങനെയുണ്ടായി എന്നാണ് പൊലീസ് പരിശോധിക്കുന്നത്.

മുഖ്യമന്ത്രി സംസാരിക്കുന്ന സമയത്ത് അലങ്കോലപ്പടുത്താന്‍ ശ്രമം നടന്നോയെന്ന് അന്വേഷിക്കുന്നതിനാണ് പരിശോധന. എന്നാല്‍ കേസ് പിന്‍വലിക്കണമെന്നാണ് മൈക്ക് ഉടമകളുടെ സംഘടന ആവശ്യപ്പെടുന്നത്. സാങ്കേതിക പ്രശ്‌നം ഉണ്ടെങ്കില്‍ കേസെടുക്കാന്‍ പാടില്ലെന്നും സംഘടന പരാതിയുന്നയിച്ചു.

അയ്യന്‍കാളി ഹാളില്‍ തിങ്കളാഴ്ചയായിരുന്നു കെ.പി.സി.സി സംഘടിപ്പിച്ച അനുസ്മരണ പരിപാടി നടന്നത്. മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്കിന് സാങ്കേതിക തകരാര്‍ നേരിട്ടിരുന്നു.

കെ.പി.സി.സിയുടെ ഉമ്മന്‍ ചാണ്ടി അനുസ്മരണത്തില്‍ പിണറായി പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ ഉയര്‍ന്ന മുദ്രാവാക്യം വിളിയും, പിണറായിയുടെ സാന്നിധ്യത്തില്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയതിനെ കെ. സുധാകരന്‍ വിമര്‍ശിച്ചതും വിവാദമായിരുന്നു.

മുഖ്യമന്ത്രി ക്ഷണം സ്വീകരിച്ച് പങ്കെടുത്തിട്ടും അപമാനിക്കുന്ന രീതിയിലായിരുന്നു കോണ്‍ഗ്രസ് സമീപനം എന്നായിരുന്നു ഒരു വിഭാഗം സി.പി.ഐ.എം നേതാക്കളുടെ വിമര്‍ശനം. മുദ്രാവാക്യം വിളി ഒറ്റപ്പെട്ട സംഭവമെന്നായിരുന്നു സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയുടെ നിലപാട്.

മുഖ്യമന്ത്രി പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചതിനെതിരെ മന്ത്രി വി.എന്‍. വാസവന്‍ ഇന്നലെ ഫേസ്ബുക്കിലൂടെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൈക്ക് തടസപ്പെട്ടതില്‍ കേസെടുത്തിരിക്കുന്നത്.

Content Highlight:  police gave an explanation for filing a case against the sound of the microphone being interrupted while the chief minister was speaking 

We use cookies to give you the best possible experience. Learn more