ഭോപ്പാല്‍: എസ്.സി-എസ്.ടി ആക്ട് ദുര്‍ബലമാക്കിയതിനെതിരെ നടന്ന പ്രതിഷേധത്തിനുനേരെ നടന്ന പൊലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട ദളിതരുടെ മൃതദേഹം സംസ്‌കരിച്ചത് അര്‍ധരാത്രി. പൊലീസ് മുന്‍കൈ എടുത്താണ് സംസ്‌കാരം നടത്തിയത്.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപയും ഒരാള്‍ക്ക് ജോലിയും നല്‍കുമെന്ന ധാരണയിലാണ് പൊലീസ് രാത്രിതന്നെ മൃതദേഹം സംസ്‌കരിക്കാനുള്ള നടപടി സ്വീകരിച്ചത്.
എസ്.സി.എസ്.ടി ആക്ട് ദുര്‍ബലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് നേരെയായിരുന്നു പൊലീസ് നരനായാട്ട്. പൊലീസിന്റെയും സൈന്യത്തിന്റെയും വേട്ടയില്‍ 9 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു.
Also Read: ചെങ്ങന്നൂരില്‍ വോട്ടിനായി പണം കൊടുത്ത സംഭവം; ബി.ജെ.പി നേതാവിനെതിരെ കേസെടുക്കണമെന്ന് കോടതി
അതേസമയം ദളിതര്‍ക്ക് നേരെ വെടിയുതിര്‍ത്ത ആര്‍.എസ്.എസ് നേതാവ് രാജാസിങ് ചൗഹാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വീഡിയോ ദൃശ്യം ഉള്‍പ്പെടെ തെളിവു പുറത്തുവന്നിട്ടും കേസെടുക്കാനോ അറസ്റ്റ് ചെയ്യാനോ പൊലീസ് തയ്യാറായിട്ടില്ല. അതിനിടെ പൊലീസ് പ്രഖ്യാപിച്ച നിരോധനാജ്ഞ പലയിടത്തും തുടരുകയാണ്.
ഗ്വാളിയാറിലെ ഭിന്ദ് ജില്ലയില്‍ ആയുധങ്ങള്‍ക്കു നല്‍കിയ ലൈസന്‍സ് സംസ്ഥാന സര്‍ക്കാര്‍ ബുധനാഴ്ച റദ്ദാക്കി. ഗ്വാളിയോറില്‍ പൊലീസ് ഫ്‌ളാഗ് മാര്‍ച്ച് നടത്തി. ഇന്റര്‍നെറ്റ് സേവനവും പുനഃസ്ഥാപിച്ചു. സംഘര്‍ഷാവസ്ഥ തുടരുന്ന രാജസ്ഥാനിലെ ഹിന്ദൗനില്‍ കര്‍ഫ്യൂ തുടരുകയാണ്.
Watch This Video: