കൊല്ലം: കൊല്ലം കിളികൊല്ലൂര്‍ പൊലീസ് മര്‍ദന കേസില്‍ വഴിത്തിരിവ്. കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ എം.ഡി.എം.എ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത പ്രതികളെ കാണാന്‍ വന്ന സൈനികനും സഹോദരനും പൊലീസിനെ ആക്രമിച്ചുവെന്ന കേസ് വ്യാജമെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ കണ്ടെത്തല്‍.
കൊല്ലം സെപെഷ്യല്‍ ബ്രാഞ്ച് എ.സി.പി നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് പൊലീസിന് വീഴ്ച്ചയുണ്ടായതായി കണ്ടെത്തിയത്. ഇതിനെത്തുടര്‍ന്ന് കിളികൊല്ലൂര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ എസ്.ഐ അനീഷ്, എ.എസ്.ഐ പ്രകാശ് ചന്ദ്രന്‍, സി.പി.ഒ ദിലീപ് എന്നിവരെയാണ് സ്ഥലം മാറ്റിയത്.
പൊലീസില്‍ നിന്നും തനിക്കും സഹോദരനും ക്രൂര മര്‍ദനമാണേറ്റതെന്ന് കൊറ്റങ്കര സ്വദേശിയായ വിഘ്‌നേഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഓഗസ്റ്റ് മാസം 25ന് പിടികൂടിയ എം.ഡി.എം.എ കേസ് പ്രതികളെ കാണണം എന്നാവശ്യപ്പെട്ട് കരിക്കോട് സ്വദേശികളായ വിഷ്ണു, വിഘ്‌നേഷ് എന്നിവര്‍ ഉദ്യോഗസ്ഥരെ അക്രമിച്ചുവെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ യഥാര്‍ഥത്തില്‍ പ്രതികളെ ജാമ്യത്തിലിറക്കാന്‍ ആവശ്യപ്പെട്ട് സ്റ്റേഷനിലുണ്ടായിരുന്ന സി.പി.ഒ മണികണ്ഠന്‍ വിഘ്‌നേഷിനെ വിളിച്ചു വരുത്തുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
സ്‌റ്റേഷനിലെത്തിയ വിഘ്‌നേഷിനോട് എം.ഡി.എം.എ കേസില്‍ ജാമ്യം നില്‍ക്കാന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. പക്ഷേ, മയക്കുമരുന്ന് കേസാണെന്ന് അറിഞ്ഞതോടെ വിഘ്‌നേഷ് ജാമ്യം നില്‍ക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് സ്റ്റേഷന് പുറത്തേക്ക് പോയ വിഘ്‌നേഷും ഒരു പൊലീസുകാരനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.
ഇതിനിടെ, വിഘ്‌നേഷിനെ അന്വേഷിച്ചെത്തിയ സഹോദരന്‍ വിഷ്ണുവിന്റെ ബൈക്ക് സ്റ്റേഷന് മുന്നിലുണ്ടായിരുന്ന ഓട്ടോയില്‍ തട്ടി. ഇതിന് പിന്നാലെ മഫ്തിയിലുണ്ടായിരുന്ന എ.എസ്.ഐ പ്രകാശ് ചന്ദ്രനുമായുണ്ടായ തര്‍ക്കമാണ് പ്രശ്‌നങ്ങളുടെ തുടക്കം. പ്രകാശ് ചന്ദ്രന്‍ തന്നെ ഇവരെ സ്റ്റേഷനിലേക്ക് വലിച്ചു കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നുവെന്നാണ് വിഘ്‌നേഷ് പറയുന്നത്. ഒപ്പം എം.ഡി.എം.എ കേസ് പ്രതികളുമായി ചേര്‍ത്ത് വ്യാജ കേസ് ചുമത്തിയെന്നും യുവാവ് പറഞ്ഞു.
12 ദിവസമാണ് സൈനികനായ വിഷ്ണുവിനും വിഘ്‌നേഷിനും ജയിലില്‍ കഴിയേണ്ടിവന്നത്. ജാമ്യത്തില്‍ ഇറങ്ങിയ ഇരുവരും മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് പൊലീസുണ്ടാക്കിയ നാടകമാണ് നിരപരാധികളെ കുടുക്കിയതെന്ന് തെളിഞ്ഞത്.
സംഭവത്തെത്തുടര്‍ന്ന് സൈനികനായ വിഷ്ണുവിന്റെ വിവാഹം മുടങ്ങി. പൊലീസ് കോണ്‍സ്റ്റബിള്‍ ടെസ്റ്റിന്റെ ശാരീരിക പരീക്ഷക്ക് ഒരുങ്ങിയിരുന്ന തനിക്ക് പരിക്കുകള്‍ കാരണം നടക്കാന്‍ പോലും കഴിയുന്നില്ലെന്ന് വിഘ്‌നേഷ് പറഞ്ഞിരുന്നു. സ്റ്റേഷനില്‍ നടന്നത് മൂന്നാം മുറയാണെന്നും വിഘ്‌നേഷ് പറഞ്ഞു.
സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങളടക്കം അന്വേഷണത്തിനിടെ പരിശോധിച്ചിരുന്നു. ഇതോടെയാണ് പൊലീസുകാര്‍ നടത്തിയ നാടകം വെളിച്ചത്തായത്. ഇതോടെയാണ് എസ്.ഐയെയും രണ്ട് പൊലീസുകാരെയും സ്ഥലം മാറ്റിയത്. എന്നാല്‍, പൊലീസുകാര്‍ക്കെതിരെ കൂടുതല്‍ നടപടി ആവശ്യപ്പെട്ട് യുവാക്കളുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്.