| Friday, 26th May 2017, 4:32 pm

മതം മാറിയ പെണ്‍കുട്ടിയുടെ എതിര്‍പ്പിനെ മറികടന്ന് പൊലീസ് ബലം പ്രയോഗിച്ച് വീട്ടിലേക്ക് കൊണ്ടു പോയി

ഡൂള്‍ന്യൂസ് ഡെസ്‌ക്

എറണാകുളം: ഹൈക്കോടതി വിവാഹം അസാധുവാക്കിയ ഹാദിയയെ മാതാപിതാക്കള്‍ക്കൊപ്പം പോകാതെ പ്രതിഷേധിച്ചു. യുവതിയെ കൂട്ടിക്കൊണ്ടു പോകാന്‍ പൊലീസിനൊപ്പം മാതാപിതാക്കള്‍ എത്തിയപ്പോഴായിരുന്നു പ്രതിഷേധം. പ്രതിഷേധം കണക്കിലെടുക്കാതെ പൊലീസ് ബലം പ്രയോഗിച്ച് യുവതിയെ വീട്ടിലേക്ക് കൊണ്ടുപോയി.


Also read വിജിലന്‍സ് റെയ്ഡിനിടെ ഉദ്യോഗസ്ഥന്‍ കരിമണിമാല അടിച്ചുമാറ്റി; നഷ്ടപരിഹാരമായി ഒന്നരലക്ഷം രൂപ സര്‍ക്കാര്‍ നല്‍കണം; കള്ളന്‍ കാണാമറയത്ത്


ഹാദിയയുടെ എതിര്‍പ്പിനെ മറികടന്നാണ് പൊലീസിന്റെ നടപടി. കോടതി ഉത്തരവിനെ തുടര്‍ന്ന് എറണാകുളം എസ്.എന്‍.വി സദനത്തില്‍ താമസിപ്പിച്ചിരുന്ന പെണ്‍കുട്ടിയെ ഇവിടെയെത്തിയാണ് പൊലീസ് വീട്ടിലേക്ക് കൊണ്ടുപോയത്. നാടകീയ രംഗങ്ങളായിരുന്നു യുവതി താമസിക്കുന്ന ഹോസ്റ്റലില്‍ അരങ്ങേറിയത്.

താന്‍ മതം മാറിയെന്നും വീട്ടുകാര്‍ക്കൊപ്പം പോകേണ്ടെന്നും യുവതി ഉറക്കെ വിളിച്ചു പറഞ്ഞെങ്കിലും പൊലീസ് ബലം പ്രയോഗിച്ച് ജീപ്പില്‍ കയറ്റി കൊണ്ടു പോവുകയായിരുന്നു. വൈക്കത്തുള്ള വീട്ടിലേക്കാണ് പൊലീസ് ഹാദിയയെ കൊണ്ടുപോയത്. അതേസമയം ഹാദിയ സിറിയയിലേക്ക് പോകണമെന്നാണ് പറയുന്നതെന്ന് ഹാദിയയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍മുസ്ലിമായി ജീവിക്കാന്‍ വേറെ എവിടെയും പോകേണ്ടതില്ലെന്നും മതം മാറിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും ഹാദിയ വ്യക്തമാക്കുന്ന കത്തുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു

ഡിസംബര്‍ 19 നായിരുന്നു കൊല്ലം സ്വദേശി ഷഫീന്‍ ജഹാനും അഖിലയെന്ന ഹാദിയയുടെയും വിവാഹം നടന്നത്. മതപരമായ ചടങ്ങുകള്‍ നടത്തി കോട്ടക്കല്‍ പുത്തൂര്‍ ജുമാ മസ്ജിദ് ഖാദിയുടെ കാര്‍മ്മികത്വത്തിലാണ് ഇരുവരുടെയും വിവാഹം നടത്തിയത്. ഹാദിയയും കോടതി അനുമതി പ്രകാരം താമസിക്കുന്ന സൈനബ എന്ന സ്ത്രീയുടെ വീട്ടില്‍വച്ച് തന്നെയാണ് വിവാഹം നടത്തിയത്. വിവാഹം മാര്യേജ് ആക്ട് പ്രകാരം കോട്ടക്കല്‍ ഒതുങ്ങല്‍ പഞ്ചായത്തില്‍ ഡിസംബര്‍ 20ന് രജിസ്റ്റര്‍ ചെയ്തിരുന്നു.

എന്നാല്‍ പെണ്‍കുട്ടിയുടെ പിതാവു നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ബുധനാഴ്ചയാണ് ഹൈക്കോടതി വിവാഹം റദ്ദ് ചെയ്തത്. ഹേബിയസ് കോര്‍പസ് നിലനില്‍ക്കുന്നു, വിവാഹത്തിന് മാതാപിതാക്കളുടെ സാന്നിധ്യമില്ലായിരുന്നു എന്നീ കാരണങ്ങളാണ് വിവാഹം റദ്ദ് ചെയ്യാനായി കോടതി ചൂണ്ടിക്കാട്ടിയിരുന്നത്. വിധിക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരിക്കുകയാണ്. “ജസ്റ്റിസ് ഫോര്‍ ഹാദിയ” എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഹാഷ്ടാഗുകളും സജീവമായിട്ടുണ്ട്.


Dont miss ‘കന്നുകാലി കശാപ്പ് നിര്‍ത്തുന്നു എന്നതിന്റെ അര്‍ത്ഥം ഇന്ത്യയിലെ ജനാധിപത്യം നിര്‍ത്തുന്നു എന്നാണ്’; പിന്നില്‍ ആര്‍.എസ്.എസ് അജണ്ടയെന്നും അഡ്വ. ടി. സിദ്ദിഖ്


യുവതിയെ ഐ.എസി.ലേക്ക് കടത്തികൊണ്ടുപോകാന്‍ ശ്രമം നടക്കുന്നുണ്ടെന്ന പിതാവിന്റെ പരാതിയില്‍ വിശദമായ അന്വേഷണം വേണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. അതേസമയം ഹാദിയ ഇസ്ലാംമതം സ്വീകരിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും മൗലികാവകാശത്തിന്റെ ലംഘനമാണ് കോടതി വിധിയെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നും ഷഫീന്‍ അറിയിച്ചു.

We use cookies to give you the best possible experience. Learn more