മണല്‍കടത്തിനിടെ പൊലീസിനെ കണ്ട് ഭയന്ന് ഭാരതപ്പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
Kerala News
മണല്‍കടത്തിനിടെ പൊലീസിനെ കണ്ട് ഭയന്ന് ഭാരതപ്പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th July 2018, 9:47 am

തിരൂര്‍: മണല്‍കടത്തിനിടെ പൊലീസിനെ കണ്ട് ഭാരപ്പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മണല്‍കടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പിടികൂടിയ ലോറിയില്‍ നിന്നാണ് യുവാവ് ഭാരതപ്പുഴയിലേക്ക് ചാടിയത്.

തവനൂര്‍ അതളൂര്‍ സ്വദേശി പുളിക്കല്‍ മന്‍സൂറി(20)ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. മന്‍സൂറിനൊപ്പം പുറത്തൂര്‍ അത്താണിപ്പടി സ്വദേശി ഉമര്‍ഷാദും പുഴയിലേക്ക് ചാടിയിരുന്നു. ഇയാള്‍ പിന്നീട് നീന്തി രക്ഷപ്പെട്ടിരുന്നു.

ഇന്നലെ രാവിലെ ചമ്രവട്ടം പാലത്തിനു സമീപം പൊലീസ് പട്രോളിംഗ് സംഘത്തെ കണ്ട് അമിതവേഗത്തില്‍ കുതിച്ച മണല്‍ലോറി നരിപറമ്പിനു സമീപം പൊലീസ് തടയുകയായിരുന്നു.


ALSO READ: മീനച്ചിലാറ്റില്‍ വെള്ളം പൊങ്ങുന്നു; ഉരുള്‍പ്പൊട്ടല്‍ ഭീഷണിയില്‍ ജനങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍


തുടര്‍ന്ന് ലോറി പരിശോധനക്കിടെ മന്‍സൂറും ഉമര്‍ഷാദും പുഴയിലേക്ക് ചാടുകയായിരുന്നു. നല്ല ഒഴുക്കുണ്ടായിരുന്നതിനാല്‍ ഇരുവരും ഭാരതപ്പുഴ പാലത്തിന്റെ മറുവശത്താണ് ഒഴുകിയെത്തിയത്.

ഉമര്‍ഷാദ് നീന്തി പുഴയ്ക്ക് നടുക്കുള്ള മണല്‍തിട്ടയില്‍ കയറി. പിന്നീട്, മറുകരയിലേക്ക് നീന്തിക്കയറിയ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. പാലത്തിനടിയിലുള്ള കരിങ്കല്ലില്‍ പിടിച്ചുകിടന്ന മന്‍സൂറിനെ പിന്നീട് കാണാതാകുകയായിരുന്നു.

ഒടുവില്‍ പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.