| Tuesday, 3rd April 2018, 8:34 am

രാജസ്ഥാനിലും പൊലീസ് ഭീകരത; അമ്രാറാം പ്രസംഗിച്ചുകൊണ്ടിരിക്കെ കര്‍ഷക പ്രക്ഷോഭത്തിനുനേരെ പൊലീസ് വെടിവെയ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാനില്‍ 22 ദിവസമായി നടന്നുവന്നിരുന്ന കര്‍ഷക പ്രക്ഷോഭത്തിനുനേരെ പൊലീസിന്റെ വെടിവെയ്പ്പ്. കിസാന്‍ സഭ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അമ്രാറാം പ്രസംഗിച്ചുകൊണ്ടിരിക്കവെയാണ് ജനക്കൂട്ടത്തിനുനേരെ പൊലിസ് വെടിവെച്ചത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

ജയ്പൂരിലെ ചോമുവിനടുത്ത് ചന്‍വാജി റോഡിലെ ടോള്‍ പ്ലാസക്കെതിരെയാണ് കര്‍ഷകര്‍ സമരം നടത്തുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി അനധികൃതമായി പ്രവര്‍ത്തിക്കുന്ന ടോള്‍ ബൂത്ത് അടക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

അതേസമയം അമ്രാറാമിനെ അറസ്റ്റ് ചെയ്ത പൊലീസ് ഇന്നലെ രാത്രി വൈകിയാണ് വിട്ടയച്ചത്. സമരത്തിനുനേരെ നടന്ന പൊലീസ് വെടിവെയ്പ്പില്‍ കിസാന്‍ സഭ പ്രതിഷേധിച്ചു. കര്‍ഷകരുടെയും സാധാരണക്കാരുടേയും ശബ്ദങ്ങള്‍ അടിച്ചമര്‍ത്താനാണ് വസുന്ധര രാജെയുടെ ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കിസാന്‍ സഭ പത്രക്കുറിപ്പില്‍ വിശദീകരിച്ചു.


Also Read: ഭാരത് ബന്ദില്‍ ദളിത് രോഷം ഇരമ്പി; പൊലീസ് വെടിവെപ്പില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടു: നിരോധനാജ്ഞ തുടരുന്നു


കര്‍ഷകര്‍ക്കെതിരായ വെടിയ്പിനെ സി.പി.ഐ.എം പോളിറ്റ് ബ്യൂറോയും അപലപിച്ചു.

അതേസമയം മഹാരാഷ്ട്ര സര്‍ക്കാരിനെ വിറപ്പിച്ച ലോംഗ് മാര്‍ച്ചിനു പിന്നാലെ അഖിലേന്ത്യ കിസാന്‍ സഭ ഹിമാചലിലേക്കും പ്രക്ഷോഭം വ്യാപിക്കുകയാണ്. ഇന്ന് കര്‍ഷകര്‍ ഹിമാചല്‍ നിയമസഭ വളയും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ വിധാന്‍ സഭ വളയുന്നത്.

സ്വാമിനാഥന്‍ കമ്മീഷന്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കുക, എല്ലാ ചെറുകിട ഇടത്തരം കര്‍ഷര്‍ക്കും അഞ്ചേക്കര്‍ വീതം കൃഷിഭൂമി അനുവദിക്കുക, പാലിനും പാലുല്പന്നങ്ങള്‍ക്കും ന്യായമായ താങ്ങു വിലയേര്‍പ്പെടുത്തുക, തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 100 തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കുക, വിളകള്‍ നശിപ്പിക്കുന്ന കുരങ്ങു ശല്യം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം.

Watch This Video:

We use cookies to give you the best possible experience. Learn more