ഉന റാലിയില്‍ പങ്കെടുത്തു മടങ്ങിയ ദളിതര്‍ക്കുനേരെ ആക്രമണം: 11 പേര്‍ക്ക് പരുക്ക്
Daily News
ഉന റാലിയില്‍ പങ്കെടുത്തു മടങ്ങിയ ദളിതര്‍ക്കുനേരെ ആക്രമണം: 11 പേര്‍ക്ക് പരുക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th August 2016, 11:48 am

unaഉന: ഉനയില്‍ പത്തുദിന ദളിത് അസ്മിത യാത്ര സമാപിച്ചതിനു പിന്നാലെ സംഘര്‍ഷം. സാംതര്‍ ഗ്രാമത്തിലെ ഒരു സംഘം അക്രമികള്‍ റാലിയില്‍ പങ്കെടുത്ത ദളിതര്‍ക്കുനേരെ കല്ലെറിയുകയായിരുന്നു. സംഘര്‍ഷത്തില്‍ പതിനൊന്നു പേര്‍ക്കു പരുക്കേറ്റു.

ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ആറു തവണ ആകാശത്ത് വെടിയുതിര്‍ത്തു. പരുക്കേറ്റവരില്‍ നാലു പോലീസുകാരുമുള്‍പ്പെടുന്നു.

ജൂലൈ 11ന് ഏഴു ദളിത് യുവാക്കളെ ഗോരക്ഷാ പ്രവര്‍ത്തകര്‍ ആക്രമിച്ച മോടാ സമാധിയാലയ്ക്ക് പത്തുകിലോമീറ്റര്‍ അകലെയാണ് സംഘര്‍ഷം നടന്നത്. ജൂലൈ 11ലെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ  ഗോരക്ഷാ പ്രവര്‍ത്തകരില്‍ ഭൂരിപക്ഷവും സാംതര്‍ ഗ്രാമവാസികളാണ്.

സംഘര്‍ഷത്തില്‍ എട്ടു ദളിതര്‍ക്കു പരുക്കേറ്റതായി ദളിത് ആക്ടിവിസ്റ്റ് മാവ്ജി സര്‍വയ പറഞ്ഞു. ” ഭാവ്‌നഗറില്‍ന നിന്നും റാലിയില്‍ പങ്കെടുക്കാനായി 200 ബൈക്കുകളിലാണ് ഞങ്ങള്‍ പോയത്. തിരിച്ചുവരും വഴി സാംതര്‍ ഗ്രാമത്തില്‍വെച്ച് 15ഓളം ബൈക്കുകള്‍ ആക്രമിക്കപ്പെട്ടു.” അദ്ദേഹം വ്യക്തമാക്കി.

പരുക്കേറ്റവരില്‍ മൂന്നുപേരെ ഭാവ്‌നഗര്‍ സര്‍ ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.