ലക്‌നൗ: ട്രാഫിക് നിയമം ലംഘിച്ചതിന് പൊലീസ് പിഴ ചുമത്തിയതോടെ പൊലീസ് സ്റ്റേഷനിലേക്കുള്ള വൈദ്യുതി വിതരണം കട്ട് ചെയ്ത് ലൈന്‍മാന്‍. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം നടന്നത്.
താനാഭവന്‍ പൊലീസ് സ്റ്റേഷനിലേക്കുള്ള വൈദ്യുതി വിതരണമാണ് മെഹ്താബ് എന്ന ലൈന്‍മാന്‍ തടസപ്പെടുത്തിയത്. ഓഗസ്റ്റ് 23 ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.
ബൈക്കില്‍ ഹെല്‍മറ്റ് ധരിക്കാതെ പോവുകയായിരുന്നു മെഹ്താബ് എന്ന ലൈന്‍മാന്‍. ഇതുകണ്ട പൊലീസുകാരന്‍ വണ്ടി നിര്‍ത്തിക്കുകയും പിഴയായി ആറായിരം രൂപ ചുമത്തുകയും ചെയ്തു. താന്‍ ഒരിക്കലും ഇനി ഹെല്‍മെറ്റ് വെക്കാതെ പോവില്ലെന്ന് പറഞ്ഞ് മെഹ്താബ് പൊലീസിനോട് പിഴയില്‍ നിന്നും ഒഴിവാക്കാന്‍ അപേക്ഷിച്ചു.
എന്നാല്‍, ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്‍ ഇതൊന്നും കേള്‍ക്കാന്‍ തയ്യാറായില്ല. പോരാത്തതിന് വൈദ്യുതി വകുപ്പിലുള്ളവര്‍ അമിത പണം ചുമത്തി ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് കൂടി ലൈന്‍മാനോട് പറഞ്ഞു.
താനാഭവന്‍ പൊലീസ് സ്റ്റേഷനിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കാന്‍ ലൈന്‍മാന്‍ വൈദ്യുത തൂണില്‍ കയറുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
‘തനിക്ക് ആകെ കിട്ടുന്ന ശമ്പളം അയ്യായിരം രൂപയാണ്. എന്നോട് പിഴയായി വാങ്ങിയത് ആറായിരം രൂപയാണ്. ഞാന്‍ ആ പൊലീസുകാരനോട് പറഞ്ഞതാണ് എന്നോട് ഇത്തവണ ക്ഷമിക്കൂ, ഭാവിയില്‍ ഒരിക്കലും ഞാനിത് ആവര്‍ത്തിക്കില്ല എന്ന്. പക്ഷേ, അവര്‍ യാതൊരു ദയവും കാണിച്ചില്ല’, മെഹ്താബ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, വൈദ്യുതി ലൈന്‍ വിച്ഛേദിച്ചത് പൊലീസ് സ്റ്റേഷന് ആയിരക്കണക്കിന് രൂപയുടെ വൈദ്യുതി ബില്ലുകള്‍ കുടിശ്ശികയുള്ളതുകൊണ്ടാണെന്ന് വൈദ്യുതി വകുപ്പ് അവകാശപ്പെട്ടു. 55,000 രൂപ ബില്ലിനത്തില്‍ പൊലീസ് സ്റ്റേഷന്‍ അടക്കാനുണ്ട്. അതുകൊണ്ടാണ് വൈദ്യുതി വിച്ഛേദിച്ചത് എന്നാണ് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥന്‍ അമിതേഷ് മൗര്യ പറഞ്ഞത്.
Content Highlight: Police fines lineman in UP; lineman avengers by cutting power supply in police station