കോഴിക്കോട്: രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്ന് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചതിന് ഓരോ പ്രതിഷേധക്കാര്‍ക്കും 1600രൂപ പിഴ. അനുവാദമില്ലാതെ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു എന്നാരോപിച്ചാണ് നടപടി.
Also read ചുംബനത്തിന്‍ മധുര പ്രതിഷേധവുമായി മറൈന്‍ഡ്രൈവ്; പ്രതിഷേധം ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ
ആക്ടിവിസ്റ്റുകളായ ഡോ.ആസാദ്, സിവിക് ചന്ദ്രന്‍, ലിജു കുമാര്‍, സ്മിത എന്നിവരില്‍ നിന്നാണ് പിഴ ഈടാക്കിയത്. സംഭവത്തില്‍ മാനാഞ്ചിറ സ്‌ക്വയറില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തെ തുടര്‍ന്ന് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു.
കേസുമായി മുന്നോട്ടുപോകാന്‍ ചില ബുദ്ധിമുട്ടുകളുള്ളതുകൊണ്ട് കുറ്റം സമ്മതിച്ച് പിഴയടക്കുകയായിരുന്നെന്ന് ലിജു കുമാര്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു.
രോഹിത് വെമുലയുടെ മരണത്തില്‍ പ്രതിഷേധിച്ച് ഹൈദരാബാദ് സര്‍വകലാശാലയില്‍ പ്രതിഷേധ പ്രകടനം നടത്തിയ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു കോഴിക്കോട് മാനാഞ്ചിറ പരിസരത്ത് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നത്. 2016 മാര്‍ച്ച് മൂന്നിന് ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം പ്രകടനം നടത്തിയിരുന്നത്.
ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ പൊലീസ് ഭീകരത അവസാനിപ്പിക്കുക, ബ്രാഹ്മണ്യ ഫാസിസത്തെ ചെറുക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധ പ്രകടനം നടത്തിയിരുന്നത്. ഡോ.ആസാദ്, സിവിക് ചന്ദ്രന്‍, ലിജു കുമാര്‍, സ്മിത എന്നിവര്‍ക്ക് പുറമേ കണ്ടാലറിയാവുന്ന നാല്‍പ്പതോളം പേര്‍ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
ചിത്രം കടപ്പാട്: റഷീദ് മാക്കട