| Wednesday, 28th August 2024, 7:59 am

നടിക്കെതിരായ അതിക്രമം; സിദ്ദിഖിനതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: യുവനടിയുടെ പരാതിയില്‍ നടന്‍ സിദ്ദിഖിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 376, 506 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 376-ാം വകുപ്പ് അനുസരിച്ച് പത്ത് വര്‍ഷത്തില്‍ കുറയാത്തതും ജീവപര്യന്തം തടവും പിഴയും ലഭിക്കും. 506 പ്രകാരം ഭീഷണിപ്പെടുത്തിയതിന് രണ്ട് വര്‍ഷം തടവോ പിഴയോ അതോ രണ്ടും കൂടിയോ ലഭിക്കും.

യുവനടിയുടെ പരാതിയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം സിദ്ദിഖ് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് മാധ്യമങ്ങളിലൂടെയാണ് സിദ്ദിഖിനെതിരെ നടി ആരോപണങ്ങള്‍ ഉന്നയിച്ചത്.

മുമ്പും സമാനായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ സിദ്ദിഖിനെതിരെ പരാതി നല്‍കുന്നതില്‍ യുവനടി ആശങ്ക പ്രകടിപ്പിക്കുകയും തുടര്‍നടപടി ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കിയാല്‍ മാത്രമേ പരാതി നല്‍കുള്ളുവെന്നും പ്രതികരിച്ചിരുന്നു

പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥയായ അജിത ബീഗവുമായി സംസാരിച്ചതിന് ശേഷമാണ് നിയമനടപടി സ്വീകരിച്ചത്.

അതേസമയം മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നിവര്‍ക്കെതിരെ കഴിഞ്ഞ ദിവസം അഭിനേത്രി മിനു മുനീര്‍ പരാതി നല്‍കിയിരുന്നു. മാധ്യമങ്ങളിലൂടെയാണ് മിനു മുനീറും ഇവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് മിനു പരാതി നല്‍കുകയായിരുന്നു.

എന്നാല്‍ മിനുവിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് മുകേഷ് രംഗത്തെത്തി. മിനു പണം ആവശ്യപ്പെട്ട് തന്നെ ഭീഷണിപ്പെടുത്തിയതായും ആരോപണങ്ങളില്‍ ശക്തമായ അന്വേഷണം വേണമെന്നും എല്‍.ഡി.എഫ് എം.എല്‍.എ കൂടിയായ മുകേഷ് പറഞ്ഞിരുന്നു.

കൂടാതെ യുവനടി ഉന്നയിച്ച ആരോപണങ്ങള്‍ക്കതിരെ നടന്‍ സിദ്ദിഖും ഇന്നലെ പരാതി നല്‍കിയിരുന്നു.

ഇതിനുപുറമെ ബംഗാളി അഭിനേത്രി ശ്രീലേഖ മിത്ര നല്‍കിയ പരാതിയില്‍ സംവിധാകനും മുന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിനെതിരെ കഴിഞ്ഞ ദിവസം കേസ് എടുത്തിരുന്നു. ശ്രീലേഖ മാധ്യമങ്ങളിലൂടെ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ രഞ്ജിത്ത് ചെയര്‍മാന്‍ സ്ഥാനം രാജി വെക്കുകയായിരുന്നു.

Content Highlight: Police files non bailable case against actor Siddique

We use cookies to give you the best possible experience. Learn more