ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഇന്റര്‍നെറ്റിന് അടക്കമുള്ള നിയന്ത്രണങ്ങള്‍ക്ക് പുറമെ, വി.പി.എന്‍(വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക്) വഴി സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചവര്‍ക്കെതിരെ യു.എ.പി.എ ചുമത്തി പൊലിസ്.
‘സമൂഹമാധ്യമങ്ങള്‍ വഴി സര്‍ക്കാര്‍ ഉത്തരവുകളെ ആക്ഷേപിച്ചവര്‍ക്കെതിരെയാണ് ശ്രീനഗര്‍ സൈബര്‍ പൊലിസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നിരവധി ഉപയോക്താക്കള്‍ സമൂഹമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുകയാണ്.’ പൊലിസിറക്കിയ ഔദ്യോഗിക കുറിപ്പില്‍ പറയുന്നു.
സാമൂഹ്യവിരുദ്ധര്‍ വിഘടനവാദവും നിയമവിരുദ്ധപ്രവര്‍ത്തനങ്ങളും പ്രചരിപ്പിക്കാന്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുകയാണെന്നും കുറിപ്പില്‍ പറയുന്നു. ‘സമൂഹമാധ്യമങ്ങള്‍ വഴി കശ്മീരിലെ സുരക്ഷാസംവിധാനത്തെക്കുറിച്ചുള്ള നുണപ്രചരണങ്ങളും തീവ്രവാദത്തെയും തീവ്രവാദികളെയും പുകഴ്ത്തുന്ന വാര്‍ത്തകളും ഇത്തരം സാമൂഹ്യവിരുദ്ധര്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.വി.പി.എന്‍ തുടങ്ങിയവ വഴി ഇവര്‍ക്ക് അജ്ഞാതരായി നില്‍ക്കാനും കഴിയുന്നു.’ പൊലിസ് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.
യു.എ.പി.എ കൂടാതെ ഇന്ത്യന്‍ പീനല്‍ കോഡിലെ ഐ.ടി നിയമത്തിലെയും വിവിധ വകുപ്പുകളും കേസ് രജിസ്റ്റര്‍ ചെയ്തവര്‍ക്കെതിരെ ചുമത്തിയിട്ടു്ണ്ട്.
നിയന്ത്രണങ്ങളെ ഒരു പരിധി വരെ മറികടന്നുകൊണ്ട് ഇന്റര്‍നെറ്റ് കൂടുതല്‍ സുരക്ഷിതമായി ഉപയോഗിക്കാനും ലൊക്കേഷന്‍ തിരിച്ചറിയാതിരിക്കാനും സഹായിക്കുന്നു എന്നതിനാലാണ് നിരവധി പേര്‍ വി.പി.എന്‍ ഉപയോഗിക്കുന്നത്.
ഹുറിയത് നേതാവായ സെയ്ദ് അലി ഗീലാനിയുടെ അവശനിലയിലുള്ള വീഡിയോ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് പൊലിസിന്റെ നടപടി വന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഫെബ്രുവരി 24വരെ കശ്മീരില്‍ 3ജി, 4ജി ഇന്റര്‍നെറ്റ് സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 1,485 വെബ്‌സൈറ്റുകള്‍ക്ക് മേലുള്ള നിയന്ത്രണം എടുത്തുകളഞ്ഞുവെന്ന് അറിയിച്ച ഉത്തരവില്‍ തന്നെയാണ് ഇന്റര്‍നെറ്റിന്റെ വേഗത 2ജിയില്‍ തന്നെ നിര്‍ത്തിയാല്‍ മതിയെന്നും കശ്മീര്‍ അധികൃതര്‍ അറിയിച്ചത്.
കശ്മീരിലെ പ്രത്യേക പദവി എടുത്തുകളഞ്ഞ് പ്രദേശത്തെ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ച ആഗസ്റ്റ് 5 മുതല്‍ ഇന്റര്‍നെറ്റ് നിരോധനവും മറ്റു നിയന്ത്രണങ്ങളും കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. അഞ്ച് മാസങ്ങള്‍ക്ക് ശേഷം ജനുവരി 25നാണ് ഭാഗികമായി 2ജി ഇന്റര്‍നെറ്റ് പുനസ്ഥാപിച്ചത്. പക്ഷെ അപ്പോഴും അധികൃതര്‍ അനുവദിച്ച 301 വെബ്‌സൈറ്റുകള്‍ മാത്രമായിരുന്നു ജനങ്ങള്‍ക്ക് ഉപയോഗിക്കാനായത്.
കശ്മീരില്‍ ദീര്‍ഘനാള്‍ ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് നിരോധനത്തോടെ ഒരു ജനാധിപത്യരാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയ രാജ്യമായി ഇന്ത്യ മാറിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ അന്താരാഷ്ട്രതലങ്ങളില്‍ നിന്നുവരെ വ്യാപകപ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.
ഇന്റര്‍നെറ്റ് നിരോധനം കശ്മീര്‍ ജനതയുടെ ദൈനംദിനജീവിതത്തില്‍ വളരെയധികം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പുനസ്ഥാപിച്ച ഇന്റര്‍നെറ്റ് സര്‍വീസുകള്‍ക്ക് ഇപ്പോള്‍ വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും ഉപയോഗിക്കുന്നവര്‍ക്കെതിരെ യു.എ.പി.എ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തുന്നതും സ്ഥിതി കൂടുതല്‍ വഷളാക്കുമെന്നാണ് സാമൂഹ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്.
കശ്മീരിലെ വിവിധ ഭാഗങ്ങളില്‍ സുരക്ഷാസേനാംഗങ്ങള്‍ ആളുകളുടെ മൊബൈല്‍ ഫോണുകളില്‍ വി.പി.എന്‍ ആപ്പുകളുണ്ടോയെന്ന് പരിശോധിക്കുകയും ഇതിന്റെ പേരില്‍ വ്യാപക അക്രമങ്ങള്‍ അഴിച്ചുവിടുകയാണെന്നും ജനങ്ങള്‍ പറയുന്നു.