| Saturday, 30th November 2019, 8:22 am

ബൈക്ക് യാത്രികനെ ലാത്തികൊണ്ട് എറിഞ്ഞു വീഴ്ത്തിയ സംഭവം; പൊലീസുകാരനെതിരെ നിസ്സാര വകുപ്പുകള്‍ ചുമത്തി കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: ഹെല്‍മെറ്റ് പരിശോധനയ്ക്കിടെ യുവാവിനെ ലാത്തികൊണ്ട് എറിഞ്ഞു വീഴ്ത്തിയ സംഭവത്തില്‍ പൊലീസുകാരനെതിരെ നിസ്സാര വകുപ്പുകള്‍ ചുമത്തി ക്രിമിനല്‍ കേസെടുത്തു.

കണ്‍ട്രോള്‍ റൂം വെഹിക്കിള്‍ സംഘാംഗവും കടയ്ക്കല്‍ സ്‌റ്റേഷന്‍ സിവില്‍ പൊലീസ് ഓഫീസറുമായ ചന്ദ്ര മോഹനെതിരെയാണ് കേസെടുത്തത്. അപകടത്തില്‍ പരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന സിദ്ദീഖിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും ഓഫീസറെ അറസ്റ്റു ചെയ്യുകയെന്ന് റൂറല്‍ എസ്.പി വ്യക്തമാക്കി.

ഐ.പി.സി 336, 337 എന്നീ വകുപ്പുകളാണ് പൊലീസുകാരനെതിരെ ചുമത്തിയത്. മറ്റുള്ള വ്യക്തികളുടെ സുരക്ഷ കണക്കിലെടുക്കാതെ ചെയ്യുന്ന പ്രവൃത്തിമൂലം അപകടമുണ്ടായാല്‍ ചുമത്തുന്ന വകുപ്പുകളാണിവ.

പൊലീസുകാരനെതിരെ ചുമത്തിയ വകുപ്പുകളില്‍ ഐ.പി.സി 336 ന് പരമാവധി മൂന്നുമാസം തടവും 250 രൂപ പിഴയോ രണ്ടു കൂടിയോ ആണ് ഉള്ള ശിക്ഷയും ഐ.പി.സി 337 പ്രകാരം ആറുമാസം തടവും 500രൂപ പിഴയോ രണ്ടും കൂടിയോ ആണ് ശിക്ഷ.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൊലീസുകാരന്‍ എറിഞ്ഞ ലാത്തി സിദ്ദീഖിന്റെ മേല്‍ കൊണ്ടില്ലെന്നും അത് ബൈക്കിന് മുന്നില്‍ വീഴുകയായിരുന്നുവെന്നും പുനലൂര്‍ ഡി.വൈ.എസ്.പി സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സംഭവം നടന്ന സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.

പരിക്കേറ്റ സിദ്ദീഖ് അപകടനില തരണം ചെയ്തിട്ടുണ്ട്. കാലിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി. കണ്ണിന് സാരമായ പരിക്കുണ്ട്. പരിക്ക് കാഴ്ചയെ ബാധിക്കുമോ എന്നതില്‍ വ്യക്തതയില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

വ്യാഴാഴ്ചയാണ് ഹെല്‍മെറ്റ് പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ സിദ്ദീഖിന്റെ ബെക്കിനു നേരെ പൊലീസുകാരന്‍ ലാത്തി വീശിയത്. നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ചു മറിയുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഹെല്‍മെറ്റില്ലാത്ത യാത്രക്കാരെ ഓടിച്ചിട്ടു പിടിക്കരുതെന്നു ഹൈക്കോടതി നേരത്തേ നിര്‍ദ്ദേശം നല്‍കിയിരുന്നു. ട്രാഫിക് നിയമലംഘകരെ പിടിക്കാന്‍ പൊലീസ് നവീന സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും റോഡിനു നടുവില്‍ നിന്ന് ഹെല്‍മെറ്റ് ഇല്ലാത്തവരെ പിടിക്കാനോ പിന്തുടരാനോ ശ്രമിക്കരുതെന്നും കോടതി പറഞ്ഞിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more