| Friday, 7th April 2023, 11:27 am

'ഹിന്ദുരാഷ്ട്രത്തിനായി കൊല്ലാനും ചാകാനും തയ്യാറാകണം'; സുദര്‍ശന്‍ ടി.വി എഡിറ്റര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിദ്വേഷ പ്രസംഗങ്ങളില്‍ സുദര്‍ശന്‍ ടി.വി എഡിറ്റര്‍ സുരേഷ് ചാവ്ഹാങ്കെക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ദല്‍ഹി പൊലീസ്. 2021ല്‍ ദല്‍ഹിയില്‍ നടത്തിയ വിദ്വേഷ പ്രസംഗങ്ങളിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

2021 ഡിസംബറില്‍ സുരേഷ് ചാവ്ഹങ്കെയുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ സംഘടിപ്പിച്ച ഹിന്ദു യുവവാഹിനിയുടെ പരിപാടിയില്‍ ചാവ്ഹങ്കെയുള്‍പ്പെടെയുള്ള പല പ്രാസംഗികരും വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് കൃത്യമായ നടപടികള്‍ സ്വീകരിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി ദല്‍ഹി, ഉത്തരാഖണ്ഡ് പൊലീസിനെതിരെ സാമൂഹ്യപ്രവര്‍ത്തകനായ തുഷാര്‍ ഗാന്ധി കോടതിയലക്ഷ്യ ഹരജി സമര്‍പ്പിച്ചിരുന്നു.

മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ ഏപ്രില്‍ നാലിന് കുറ്റപത്രം സമര്‍പ്പിച്ചതായി ദല്‍ഹി പൊലീസിനായി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം നടരാജ് കോടതിയെ അറിയിച്ചു. ഇതിനെ തുടര്‍ന്ന് തുഷാര്‍ ഗാന്ധിയുടെ ഹരജി ചീഫ് ജസ്റ്റ്‌സ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റിസ് പര്‍ദ്ദിവാല എന്നിവരടങ്ങിയ ബെഞ്ച് തീര്‍പ്പാക്കി.

‘കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍, കോടതിയലക്ഷ്യ ഹരജിയുമായി മുന്നോട്ട് പോകേണ്ടതില്ല,’ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

2021 ഡിസംബര്‍ 19നാണ് ദല്‍ഹിയില്‍ ഹിന്ദു യുവവാഹിനിയുടെ സമ്മേളനങ്ങള്‍ നടന്നത്. ഇതുമായി ബന്ധപ്പെട്ട് സുരേഷ് ചാവ്ഹങ്കെ നടത്തിയ വിദ്വേഷ പ്രസംഗങ്ങളടങ്ങിയ നിരവധി വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റാനും നിലനിര്‍ത്താനുമായി നമ്മള്‍ യുദ്ധം ചെയ്യണമെന്നും വേണ്ടി വന്നാല്‍ കൊല്ലാനും ചാകാനും വരെ തയ്യാറാകണമെന്നും പ്രതിജ്ഞയെടുക്കുന്ന ഹിന്ദു യുവവാഹിനി പ്രവര്‍ത്തകരാണ് വീഡിയോയിലുള്ളത്.

ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ തനിക്കൊപ്പം പ്രതിജ്ഞയെടുക്കുന്നതിന്റെ വീഡിയോ സുരേഷ് തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്തിരുന്നു. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയുള്‍പ്പെടെ ടാഗ് ചെയ്തു കൊണ്ടായിരുന്നു സുരേഷ് വീഡിയോ പോസ്റ്റ് ചെയ്തത്.

മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള നിരവധി പ്രസംഗങ്ങള്‍ ഇതിനു മുമ്പും സുരേഷ് നടത്തിയിട്ടുണ്ട്. മുസ്‌ലിങ്ങള്‍ സിവില്‍ സര്‍വീസില്‍ നുഴഞ്ഞു കയറ്റം നടത്തുകയാണെന്നും ഇത് യു.പി.എസ്.സി ജിഹാദ് ആണെന്നും നേരത്തെ സുരേഷ് ആരോപിച്ചിരുന്നു.

Content Highlights: police filed chargesheet against suresh chavhanke

We use cookies to give you the best possible experience. Learn more