റാഗിങ്ങിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ച സംഭവം: പോലീസ് കേസെടുത്തു
Kerala
റാഗിങ്ങിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ച സംഭവം: പോലീസ് കേസെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th March 2014, 6:56 am

[share]

[] കൊച്ചി: ബംഗലൂരുവില്‍ റാഗിങ്ങിനെ തുടര്‍ന്ന്  മലയാളി വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ എറണാകുളം സൗത്ത് പോലീസ് കേസെടുത്തു.

അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍ തയ്യാറാക്കി കേസന്വേഷിക്കുന്ന ബംഗലുരു പോലീസിന് റിപ്പോര്‍ട്ട് കൈമാറുമെന്ന് സൗത്ത് പോലീസ് അറിയിച്ചു.

തിങ്കളാഴ്ച രാത്രി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് ചാലക്കുടി സ്വദേശി അഹാബ് ഇബ്രാഹിം മരിച്ചത്.

ആചാര്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ എന്‍ജിനിയറിങ് വിദ്യാര്‍ത്ഥിയായിരുന്ന അഹാബ്. റാഗിങ്ങിനെത്തുടര്‍ന്ന്  ഗുരുതരമായി പരിക്കേറ്റ അഹാബിനെ ബംഗലുരു സപ്തഗിരിആശുപത്രിയിലാണ് ആദ്യം ചികിത്സിച്ചത്.

പിന്നീട് ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഫെബ്രുവരി 25നാണ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റിയത്.

മൃതദേഹം എറണാകുളം ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന്  ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

കഴിഞ്ഞ ജനുവരി 27 നായിരുന്നു അഹാബ് സീനിയേഴ്‌സിന്റെ റാഗിങിനിരയായത്. കുളിമുറിയില്‍ തലചുറ്റി വീണ അഹാബ് മണിക്കൂറുകള്‍ കഴിഞ്ഞാണ് സഹപാഠികളുടെ ശ്രദ്ധയില്‍പ്പെട്ടത്.

ആശുപത്രിയിലെത്തിച്ചപ്പോഴാണ് തലയില്‍ ഗുരുതരമായ പരിക്കുകള്‍ ഉള്ളതായി കണ്ടെത്തിയത്. തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് റാഗിങ്ങിന്റെ കഥ പുറത്തുവന്നത്.

സംഭവം പുറത്തായതോടെ പ്രതികളായ മലയാളി വിദ്യാര്‍ത്ഥികളുള്‍പ്പെടെ ആറംഗ വിദ്യാര്‍ഥിസംഘം ഒളിവില്‍ പോയി.