ലീഗിന്റെ വഖഫ് സംരക്ഷണ റാലിക്കെതിര കേസെടുത്ത് പൊലീസ്
Kerala News
ലീഗിന്റെ വഖഫ് സംരക്ഷണ റാലിക്കെതിര കേസെടുത്ത് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th December 2021, 11:12 am

കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ വഖഫ് സംരക്ഷണ റാലിക്കെതിരെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് പൊലീസ് കേസെടുത്തു.

ലീഗ് നേതാക്കള്‍ക്കും കണ്ടാലറിയുന്ന 10,000 പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് കോഴിക്കോട് വെള്ളയില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. അനുമതിയില്ലാതെ ജാഥ നടത്തി, ഗതാഗതം തടസപ്പെടുത്തി, തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് കടപ്പുറത്ത് വെച്ച് മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ വഖഫ് സംരക്ഷണ റാലി നടത്തിയിരുന്നത്.

അതേസമയം പരിപാടിയ്ക്കിടെ ലീഗ് നേതാക്കള്‍ മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിക്കുകയും മന്ത്രി മുഹമ്മദ് റിയാസിനെതിരെ വിദ്വേഷപരാമര്‍ശം നടത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞ നവംബര്‍ 9 നാണ് സംസ്ഥാനത്തെ വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിയ്ക്ക് വിടാന്‍ തീരുമാനമായത്. ഇത് സംബന്ധിച്ചുള്ള ബില്‍ നിയമസഭ ശബ്ദവോട്ടോടെയാണ് പാസാക്കിയത്.

വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ലീഗിന്റെ നേതൃത്വത്തില്‍ മതസംഘടനകള്‍ യോഗം ചേര്‍ന്നിരുന്നു.

എന്നാല്‍ യോഗത്തില്‍ നിന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്ന കേരള മുസ്‌ലിം ജമാഅത്തും എം.ഇ.എസും വിട്ടുനിന്നു.

ഇതിന് ശേഷം പള്ളികളില്‍ സര്‍ക്കാരിനെതിരെ പ്രചരണം നടത്തണമെന്ന് ലീഗ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ നിര്‍ദേശം തള്ളിയ സമസ്ത, വിഷയത്തില്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാവുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: police filed case against Muslim league Waqf Protection Ralley