| Saturday, 1st July 2023, 6:24 pm

വിദ്വേഷ പ്രചരണം; പൊലീസ് ലുക്ക് ഔട്ട് നോട്ടീസിലുള്ളത് 'പാക് സ്വദേശി'; കേസില്‍ ട്വിസ്റ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളേജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചരണം നടത്തിയെന്ന് ആരോപിച്ച് പൊലീസ് കേസെടുത്ത പ്രൊഫൈല്‍ വ്യാജമെന്ന് വിമര്‍ശനം.

ഫേസ്ബുക്കില്‍ അബ്ദുല്‍ ജലീല്‍ താഴേപ്പാലം എന്ന് പ്രൊഫൈല്‍ നെയ്മുള്ള വ്യക്തിക്കെതിരെ കാഞ്ഞിരപ്പള്ളി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഈ പേരില്‍ വിദ്വേഷ കമന്റിട്ട പ്രൊഫൈല്‍ വ്യാജമാണെന്നും പൊലീസിന്റെ ലുക്ക് ഔട്ട് നോട്ടീസില്‍ കാണുന്ന ചിത്രത്തിലെ യഥാര്‍ത്ഥയാള്‍ പാകിസ്ഥാന്‍ സ്വദേശി മുഹമ്മദ് താരിഖ് മജീദാണെന്നും പ്രൊഫൈല്‍ സഹിതം സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ ചൂണ്ടിക്കാണിക്കുന്നു.

പൊലീസിന്റെ ലുക്ക് ഔട്ട് നോട്ടീസും ഫേക്ക് ഐഡിയില്‍ നിന്ന് വന്ന വിദ്വേഷ കമന്റും

ഫേസ്ബുക്ക് കമന്റിന്റെ അടിസ്ഥാനത്തിലാണ് വിഷയത്തില്‍ കേസെടുത്തതെന്നും
അന്വേഷണത്തില്‍ അബ്ദുല്‍ ജലീല്‍ താഴേപ്പാലം എന്ന പ്രൊഫൈലില്‍ പറയുന്ന വ്യക്തിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി അനില്‍കുമാര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. തങ്ങള്‍ പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസിലെ ചിത്രം പാക്കിസ്ഥാന്‍ സ്വദേശിയുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ഫേസ്ബുക്കിന് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേക്ക് ഐഡിയില്‍ നിന്ന് വന്ന മറ്റൊരു പോസ്റ്റ്

‘ലുക്ക് ഔട്ട് നോട്ടീസില്‍ പറയുന്ന പേരും ഫോട്ടോയും ഒറിജിനല്‍ അല്ലെന്ന പരാതി നമുക്കും ലഭിക്കുന്നുണ്ട്. നമ്മുടെയടുത്തുള്ള വിവരങ്ങള്‍ ഫേസ്ബുക്കിന് കൊടിത്തിട്ടുണ്ട്. അവര് മറുപടി തരാതെ വിഷയത്തില്‍ പ്രതികരിക്കാന്‍ കഴിയില്ല.

ഒരു മാസം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസാണിത്. ഫേസ്ബുക്ക് കമന്റിന്റെ അടസ്ഥാനത്തിലാണ് കേസെടുത്തിരുന്നത്. മലപ്പുറത്തെ തിരൂരുള്ള ആളാണെന്നായിരുന്നു പരാതി. എന്നാല്‍ അങ്ങനെയൊരാള്‍ ഉണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അതിനിടയില്‍ കൊടുത്ത ലുക്ക് ഔട്ട് നോട്ടീസാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. നമ്മുടെ ലുക്ക് ഔട്ട് നോട്ടീസ് കണ്ടുള്ള ചര്‍ച്ചയിലാണ് ആളുകള്‍ അത് പാക് സ്വദേശിയാണെന്ന് റയുന്നത്. നിലവില്‍ പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല,’ ഡി.വൈ.എസ്.പി അനില്‍കുമാര്‍ പറഞ്ഞു.

പാക് സ്വദേശിയുടെ പ്രൊഫൈല്‍

അതേസമയം, വിദ്വേഷ കമന്റ് വന്ന ഐഡിയുടെ ആധികാരികതയെ കുറിച്ച് പ്രാഥമിക അന്വേഷണം പോലും നടത്താതെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച പൊലീസ് നടപടിക്കെതിരെ വിമര്‍ശനം ഉയരുന്നുണ്ട്.

‘അമല്‍ജ്യോദി കോളേജില്‍ സമരം ചെയ്ത തട്ടമിട്ട വിദ്യാര്‍ത്ഥികള്‍ക്ക് അഭിനന്ദനങ്ങള്‍. ഭൂരിപക്ഷം ക്രിസ്ത്യാനികളായിട്ടുള്ള ഇവിടുത്തെ വിദ്യാര്‍ത്ഥികളെ തങ്ങളുടെ മതവിശ്വാസത്തിലേക്ക് കൊണ്ടുവരാന്‍ കഴിയും’ എന്നായിരുന്നു മുസ്‌ലിം പേരുള്ള ഫേക്ക് ഐഡിയില്‍ നിന്ന് വന്ന കമന്റ്. ഇതിന്റെ സ്‌ക്രീന്‍ഷോര്‍ട്ട് വ്യാപകമായി പ്രചരിക്കുകയും ഇത് മുസ്‌ലിം സമുദായത്തിനെതിരെ വിദ്വേഷ പ്രചരണത്തിന് ഉപയോഗിക്കുകയും ചെയ്തിരുന്നു.

Content Highlight: Police filed case against  fake profile, Criticism

We use cookies to give you the best possible experience. Learn more