| Friday, 19th October 2018, 8:30 pm

രഹ്‌ന ഫാത്തിമയെ തടഞ്ഞ 200 പേര്‍ക്കെതിരെ കേസ്; വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം അറസ്റ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പമ്പ: ആന്ധ്ര സ്വദേശിയും മാധ്യമ പ്രവര്‍ത്തകയുമായ കവിത, എറണാകുളം സ്വദേശി രഹ്‌ന ഫാത്തിമ എന്നിവരെ ശബരിമലയിലേക്ക് കടത്തിവിടാതെ തടഞ്ഞ പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കണ്ടാലറിയുന്ന 200 പേര്‍ക്കെതിരെയാണ് സന്നിധാനം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിരിക്കുന്നത്.

നിരോധനാജ്ഞ ലംഘിച്ച് സംഘം ചേരല്‍, ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കുന്നത് തടയല്‍, പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതിരിക്കുന്നത്.

സംഭവം നടക്കുന്നതിനിടെ ശേഖരിച്ച വീഡിയോ ദൃശ്യങ്ങളും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ച ശേഷം അറസ്റ്റ് നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു.


ഐ.ജി എസ്. ശ്രീജിത്ത്, എസ്.പി ദേവേഷ് കുമാര്‍ ബെഹ്റ എന്നിവരുടെ നേതൃത്വത്തില്‍ നൂറോളം വരുന്ന സായുധ പൊലീസിന്റെ സംരക്ഷണയിലാണ് കവിതയും രഹ്‌നയും മല കയറാന്‍ ആരംഭിച്ചത്. എന്നാല്‍ വിവരം അറിഞ്ഞ് അഞ്ഞൂറിലധികം വിശ്വാസികള്‍ വലിയനടപ്പന്തലിന്റെ പ്രവേശന കവാടത്തില്‍ ശരണംവിളിയുമായി പ്രതിഷേധിക്കുകയായിരുന്നു.

ഹെല്‍മെറ്റ്, ഷീല്‍ഡ്, ലാത്തി തുടങ്ങി സര്‍വസന്നാഹങ്ങളുമായാണ് പമ്പയില്‍ നിന്നെത്തിയ പൊലീസ് ഇവര്‍ക്ക് സുരക്ഷ ഒരുക്കിയത്. ഒപ്പം ശബരിമലയിലുള്ള മുന്നൂറോളം പൊലീസുകാരും സജ്ജരായിരുന്നു. എന്തും സംഭവിക്കാമെന്ന അവസ്ഥ സംജാതമായതോടെ പൊലീസ് യുവതികളെ ഫോറസ്റ്റ് ഐ.ബിയേക്ക് മാറ്റുകയായിരുന്നു. സംഘര്‍ഷം ഉടലെടുത്തതോടെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഐ.ജി ശ്രീജിത്തിനെ ഫോണില്‍ വിളിച്ച് ശ്രമത്തില്‍ നിന്ന് പിന്തിരിയാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് കനത്ത സുരക്ഷയില്‍ 12.30ഓടെ ഇവര്‍ തിരിച്ചിറങ്ങുകയായിരുന്നു.

We use cookies to give you the best possible experience. Learn more