|

അശാസ്ത്രീയ ചികില്‍സയെ തുടര്‍ന്ന് ഒന്നരവയസ്സുള്ള കുട്ടി മരിച്ച സംഭവം; മോഹനന്‍ വൈദ്യര്‍ക്കെതിരെ നരഹത്യയ്ക്കു കേസെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: ജനിതക സംബന്ധമായ രോഗമുണ്ടായിരുന്ന ഒന്നരവയസ്സായ കുട്ടി മരണപ്പെട്ട സംഭവത്തില്‍ മോഹനന്‍ വൈദ്യര്‍ക്കെതിരെ നരഹത്യയ്ക്കു പൊലിസ് കേസെടുത്തു. മാരാരിക്കുളം പൊലിസാണ് മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തത്.

പ്രൊപ്പിയോണിക്ക് അസിഡീമിയ എന്ന ജനിതക രോഗത്തിന് ചികില്‍സയിലായിരുന്ന കുഞ്ഞ് അശാസ്ത്രീയ ചികില്‍സാരീതി കാരണം മരണപ്പെട്ടതായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് പീഡിയാട്രിക് റസിഡന്റ് ഡോ. വിപില്‍ കളത്തില്‍ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.

തുടര്‍ന്ന് പൊലിസ് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ആരോഗ്യമന്ത്രി കെ.കെ ശൈലജ കത്തയച്ചിരുന്നു. മോഹനന്‍ വൈദ്യരുടെ ചികിത്സാ പിഴവിനെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്നായിരുന്നു കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

‘രോഗം കണ്ടെത്തി ഒരുവര്‍ഷത്തിനു ശേഷമാണ് കുട്ടിയുടെ ചികിത്സയ്ക്ക് വേണ്ടി മോഹനന്‍ വൈദ്യരുടെ കൊല്ലത്തുള്ള ചികിത്സാ കേന്ദ്രത്തില്‍ പോയത്. കുട്ടിക്ക് ഓട്ടിസമാണെന്നായിരുന്നു വൈദ്യരുടെ വാദം’. കുട്ടിയുടെ ഉമ്മ പറഞ്ഞതായാണ് വിപിന്റെ കുറിപ്പിലുള്ളത്.

‘കൊല്ലത്ത് ഉള്ള ചികിത്സാ കേന്ദ്രത്തില്‍ ആണ് പോയത്, ആദ്യ തവണ പോകമ്പോള്‍ 100 രൂപ ഫീസായി നല്‍കണം പിന്നീട് ഒരിക്കലും കണ്‍സട്ടേഷന്‍ ഫീ വേണ്ട, മരുന്നിന് മാത്രം മതി, അത് 10 ദിവസം കൂടുമ്പോള്‍ വരണം, മരുന്നിന് 1000 രൂപയ്ക്ക് അടുത്ത് വരും ഒരോ തവണയും.

മുന്‍പുള്ള ഒരു റിപ്പോര്‍ട്ട് പോലും നോക്കാതെ പ്രൊപ്പിയോണിക്ക് അസിഡീമിയ എന്ന രോഗമില്ലെന്നും (പറയുന്നത് പത്താം ക്ലാസ് പാസാവാത്ത ചെങ്ങായി) കുട്ടിയ്ക്ക് ഓട്ടിസം ആണെന്നും. ചികിത്സ തുടങ്ങുന്നതിനു മുന്‍പ് മറ്റെല്ലാം മരുന്നും നിര്‍ത്തണം, ചികിത്സയുടെ ഭാഗമായി നല്‍കിയത് നാടന്‍ നെല്ലിക്ക നീരും, പൊന്‍കാരം (Tankan Bhasma) എന്ന മെഡിസിനും.

പ്രമുഖ വൈദ്യന്റെ വാക്ക് കേട്ട് മരുന്നെല്ലാം നിര്‍ത്തി, പ്രശ്നങ്ങള്‍ വഷളാകാന്‍ തുടങ്ങി. അതിന്റെ ബാക്കിപത്രമായി ഒരാഴ്ച്ചയായി പനിയും, ചുമയും മൂര്‍ച്ചിച്ച് ശ്വാസം എടുക്കുന്നത് കൂടുവാന്‍ തുടങ്ങി. അങ്ങനെ കുട്ടിയെ കൊല്ലത്തെ ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടു പോകുന്ന വഴി രോഗം മൂര്‍ച്ചിച്ചതിനാല്‍ അമലയില്‍ ഇറക്കുവായിരുന്നു. (Severe Metabolic Crisis)’- വിപിന്‍ പറയുന്നു.

മോഹനന്‍ വൈദ്യര്‍ നിര്‍ദേശിച്ച പൊന്‍കാരം ചുമ, ആസ്മ തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്ന ബോറാക്സ് ഗണത്തില്‍ പെടുന്നതാണെന്ന് തന്റെ അന്വേഷണത്തില്‍ കണ്ടെത്തിയെന്നും വിപിന്‍ പറയുന്നു.