സ്‌കൂട്ടറില്‍ സഞ്ചരിക്കവേ റോഡിലെ ഗട്ടറില്‍ വീണ് ഭാര്യ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കേസെടുത്ത് പൊലീസ്
Kerala News
സ്‌കൂട്ടറില്‍ സഞ്ചരിക്കവേ റോഡിലെ ഗട്ടറില്‍ വീണ് ഭാര്യ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കേസെടുത്ത് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th June 2018, 3:22 pm

തിരൂര്‍: ഭാര്യ സ്‌കൂട്ടറില്‍ നിന്നും വീണുമരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കേസെടുത്ത് പൊലീസ്. ഷാജിദ എന്ന യുവതിയായിരുന്നു ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യവേ റോഡിലെ ഗട്ടറില്‍ വീണ് മരണപ്പെട്ടത്. ഭര്‍ത്താവിനൊപ്പം നോമ്പുതുറന്ന് വരുന്നതിനിടെയായിരുന്നു അപകടം.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷാജിദ ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയായിരുന്നു.

എന്നാല്‍ അശ്രദ്ധമായി വാഹനം ഓടിച്ചെന്ന പേരിലാണ് ഭര്‍ത്താവിനെതിരെ മനപൂര്‍വമല്ലാത്ത നരഹത്യ എന്ന വകുപ്പ് ചുമത്തി കേസെടുത്തിരിക്കുന്നത്. ഐ.പി.സി 270, 279, 304 എ വകുപ്പുകളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയത്.

അശ്രദ്ധമായും അലക്ഷ്യമായും വാഹനം ഓടിച്ച് ഗട്ടറില്‍ ചാടിച്ചു എന്നാണ് പൊലീസ് എഫ്.ഐ.ആറില്‍ പറയുന്നത്. അതേസമയം ഇതൊന്നും തങ്ങള്‍ പറയാത്ത മൊഴിയാണെന്നും വാദിയെ പ്രതിയാക്കുന്ന നടപടിയാണ് പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും യുവതിയുടെ ഭര്‍ത്താവ് പറയുന്നു.


Also Read നിങ്ങളുടെ മുലകള്‍ യഥാര്‍ത്ഥമാണോ; സ്‌കൂള്‍ അഭിമുഖത്തിനിടെ നേരിട്ട “ക്രൂരമായ”ചോദ്യം തുറന്നുപറഞ്ഞ് അധ്യാപിക


തിരൂരില്‍ പൊട്ടിപ്പൊളിഞ്ഞ റോഡിലെ കുഴിയില്‍ വീണാണ് ഷാജിദ മരിച്ചത്. ഏറെക്കാലമായി യാത്രായോഗ്യമല്ലാത്ത റോഡാണ് ചമ്രമട്ടം-തിരൂര്‍ റോഡ്. പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച് പ്രതിഷേധിച്ചതിന് പിന്നാലെയാണ് അടുത്തിടെയെങ്കിലും റോഡ് പണി പാതിയെങ്കിലും തീര്‍ത്തത്.

എന്നാല്‍ ഇത് തികച്ചും സ്വാഭവികമായ നടപടിയാണെന്നും രണ്ട് പേര്‍ വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ അപകടമുണ്ടായി ഒരാള്‍ മരണപ്പെട്ടാല്‍ മറ്റേയാള്‍ക്കെതിരെ മനപൂര്‍വല്ലാത്ത നരഹത്യയ്ക്ക് തന്നെയാണ് കേസെടുക്കുകയെന്നാണ് പൊലീസിന്റെ വിശദീകരണം.

എന്നാല് പൊലീസിന്റെ നടപടി പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥരേയും കരാറുകാരനേയും രക്ഷിക്കാനാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.