റോഡിന്റെ പേരില്‍ മതവിദ്വേഷം പ്രചരിപ്പിച്ചു; മലപ്പുറത്ത് കൗണ്‍സിലര്‍ക്കെതിരെ കേസ്
Kerala News
റോഡിന്റെ പേരില്‍ മതവിദ്വേഷം പ്രചരിപ്പിച്ചു; മലപ്പുറത്ത് കൗണ്‍സിലര്‍ക്കെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th June 2023, 4:05 pm

മലപ്പുറം: മലപ്പുറം പരപ്പനങ്ങാടിയില്‍ റോഡിന് നല്‍കിയ പേരിന്റെ പേരില്‍ മതവിദ്വേഷം പ്രചരിപ്പിച്ചെന്ന പരാതിയില്‍ മുസ്‌ലിം ലീഗ് കൗണ്‍സിലര്‍ക്കെതിരെ കേസെടുത്തു. പരപ്പനങ്ങാടി 20-ാം വാര്‍ഡ് കൗണ്‍സിലര്‍ അബ്ദുള്‍ അസീസിനെതിരെയാണ് തിരൂരങ്ങാടി പൊലീസ് കേസെടുത്തിരിക്കുന്നത്. സി.പി.ഐ.എം നേതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

റോഡ് ഉദ്ഘാടനത്തിന്റെ തലേ ദിലസം മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിലായിരുന്നു അദ്ദേഹം വിദ്വേഷ പരാമര്‍ശം നടത്തിയത്. തിരൂരങ്ങാടി നന്നമ്പ്ര പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ നാട്ടുകാര്‍ നിര്‍മിച്ച റോഡാണിത്. ഇതിന് മുന്‍ മന്ത്രി ഇമ്പിച്ചി വാവയുട പേരിട്ടതാണ് കൗണ്‍സിലറെ ചൊടിപ്പിച്ചത്.

മര്‍ഹോം കെ.പി. ആറ്റക്കോയ തങ്ങള്‍ സ്മാരക റോഡ് എന്ന ബോര്‍ഡ് അവിടെ വെക്കണമെന്നും അത് ഔദ്യോഗികമായി ചെയ്യണമെന്നുണ്ടെങ്കില്‍ പഞ്ചായത്തില്‍ പ്രമേയം കൊണ്ടുവന്ന് ഭരണസമിതി പാസാക്കണമെന്ന് അദ്ദേഹം സന്ദേശത്തില്‍ പറയുന്നു. എന്നാല്‍ അത് കാര്യത്തില്‍ എടുക്കേണ്ടെന്നും ബോര്‍ഡ് നമുക്ക് അവിടെ വെക്കാമെന്നും അദ്ദേഹം പറയുന്നുണ്ട്.

ശബ്ദ സന്ദേശം പ്രചരിച്ചതോടെയായിരുന്നു സി.പി.ഐ.എം നേതാക്കള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. വര്‍ഗീയ അധിക്ഷേപം നടത്തിയ കൗണ്‍സിലര്‍ രാജിവെക്കണമെന്ന ആവശ്യവും സി.പി.ഐ.എം ഉയര്‍ത്തുന്നുണ്ട്.

Content Highlight: police file case against councilor over hate speech