ചേരാനെല്ലൂര്‍ സംഭവം: തൊണ്ടിമുതല്‍ കണ്ടെത്താനാവാത്തത് മാധ്യമങ്ങള്‍ കാരണമെന്ന് പോലീസ്
Daily News
ചേരാനെല്ലൂര്‍ സംഭവം: തൊണ്ടിമുതല്‍ കണ്ടെത്താനാവാത്തത് മാധ്യമങ്ങള്‍ കാരണമെന്ന് പോലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th October 2014, 3:10 pm

leeba[]കൊച്ചി: ചേരാനെല്ലൂരില്‍ വീട്ടുജോലിക്കാരിയായ ലീബയ്‌ക്കെതിരെയുള്ള കേസില്‍ തൊണ്ടിമുതല്‍ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ്. മാധ്യമങ്ങളും സമൂഹത്തിലെ ചില ആളുകളും അനാവശ്യ പ്രചരണങ്ങളും പബ്ലിസിറ്റിയും നല്‍കുന്നത് കാരണമാണ് തൊണ്ടിമുതല്‍ കണ്ടെടുക്കാന്‍ സാധിക്കാത്തതെന്നാണ് പോലീസിന്റെ വാദം.

ജില്ലാ പോലീസ് മേധാവി കെ.ജി ജയിംസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ജനങ്ങളുടെയും മാധ്യമങ്ങളുടെയും അനാവശ്യ പ്രചരണം അന്വേഷണം തടസ്സപ്പെടുത്തിയെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ലീബയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അന്വേഷണം നടത്തിയ കുറ്റക്കാര കണ്ടെത്തണമെന്നാവശ്യപ്പെട്ട് അഡ്വ. റോഷന്‍ ഉമ്മന്‍ സമര്‍പ്പിച്ച ഹരജിയിലാണ് സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.

എറണാകുളം അമൃത ആശുപത്രിയിലെ ഡോ. ഹരീഷ്‌കുമാറും മകനുമാണ് 15 പവന്‍ മോഷ്ടിച്ചുവെന്നാരോപിച്ച് വീട്ടുജോലിക്കാരിയായ ലീബക്കെതിരെ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആഗസ്റ്റ് 23ന് ചേരാനെല്ലൂര്‍ പോലീസ് ലീബയെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു.

ആഗസ്റ്റ് 23, 24 തീയതികളിലാണ് മോഷണക്കുറ്റം ആരോപിച്ച് ചേരാനല്ലൂര്‍ എസ്.ഐയും വനിതാ കോണ്‍സ്റ്റബിള്‍മാരും പരാതിക്കാരുടെ മുന്നിലിട്ട് ചേരാനല്ലൂര്‍ കപ്പേള തുണ്ടിപ്പറമ്പില്‍ ലീബാ രതീഷിനെ മര്‍ദിച്ചത്. കണ്ണുകളില്‍ മുളക് തേക്കുകയും വടി കൊണ്ട് നട്ടെല്ലിന് അടിക്കുകയും ചെയ്ത പോലീസ് അറസ്റ്റ് ചെയ്ത് 34 മണിക്കൂറിന് ശേഷമാണ് ലീബയെ മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കിയത്. പോലീസിന്റെ ക്രൂരമായ മൂന്നാംമുറയില്‍ നട്ടെല്ലിന് പരിക്കേറ്റ് ആഴ്ചകളോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ലീബ.

മര്‍ദനത്തിലേറ്റ പരിക്കുകള്‍ ഭേദമാകാതെ, പരസഹായമില്ലാതെ എഴുന്നേറ്റു നടക്കാന്‍ പോലുമാകാത്ത അവസ്ഥയിലാണ് ലീബ ഇപ്പോഴും. ചേരാനല്ലൂരിലെ മാതിരപ്പിള്ളി റോഡില്‍ അമ്മവീടിനോട് ചേര്‍ന്ന് ഷീറ്റ് വലിച്ചുകെട്ടി ഉണ്ടാക്കിയ ഒറ്റമുറിയില്‍ ലീബയും കുടുംബവും കഴിയുന്നത്.