അന്ന് അക്രമം നടത്തിയ സംഘപരിവാര്‍ നേതാക്കള്‍ തന്നെയാണ് ഇന്നലെയും പ്രശനമുണ്ടാക്കിയത്
Sabarimala women entry
അന്ന് അക്രമം നടത്തിയ സംഘപരിവാര്‍ നേതാക്കള്‍ തന്നെയാണ് ഇന്നലെയും പ്രശനമുണ്ടാക്കിയത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 19th November 2018, 11:49 am

ശബരിമല: കഴിഞ്ഞ ദിവസം നടയടിച്ചതിന് പിന്നാലെ സന്നിധാനത്തു വിലക്കു ലംഘിച്ച് പ്രതിഷേധ നടത്തിയവരില്‍ പലരും ചിത്തിര ആട്ട വിശേഷ സമയത്ത് അക്രമങ്ങള്‍ നടത്തിയവര്‍. സന്നിധാനത്ത് ബഹളം വെച്ച് പ്രതിഷേധിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് ചെയതവരില്‍ 15 പേര്‍ ശബരിമലയിലും നിലയ്ക്കലിലുമുള്ള അക്രമങ്ങളില്‍ പങ്കെടുത്തവരാണെന്ന് പൊലീസ് അറിയിച്ചു. മുമ്പത്തെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഇവരെ തിരിച്ചറിഞ്ഞതെന്നാണ് പൊലീസ് അറിയിച്ചത്.

അതില്‍ പ്രധാനിയാണ് എറണാകുളത്തെ ആര്‍.എസ്.എസ് സംഘടനാ ചുമതലയുള്ള ശബരിമല കര്‍മസമിതി കണ്‍വീനറും കൂടിയായ രാജേഷ്. ഇദ്ദേഹമാണ് സന്നിധാനത്തെ അപ്രതീക്ഷിത പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. ഇവര്‍ക്കൊപ്പം എത്തിയ മറ്റു ചിലര്‍ ഇനിയും സന്നിധാനത്തും പരിസരത്തുമായി തുടരുന്നുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

Read Also : ശശികലയെ ബഹുമാനിക്കണമെന്ന് രാഹുല്‍ ഈശ്വര്‍; വര്‍ഗീയ വിഷം ചീറ്റുന്ന ഒരാളെ ബഹുമാനിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അവതാരക

രാജേഷ് ഉള്‍പ്പടെയുള്ളവര്‍ ചിത്തിര ആട്ട വിശേഷദിനത്തില്‍ 52കാരിയായ തൃശൂര്‍ സ്വദേശിനി ലളിതാ ദേവിയെ തടയുന്നതിനും അക്രമിക്കുന്നതിനും നേതൃത്വം നല്‍കിയിരുന്നു. ഇവരാണ് ഇന്നലെയും പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത് എന്നാണ് പൊലീസിന്റെ കണ്ടത്തല്‍.

അതേസമയം നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം നടത്തിയതിന് 150 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതില്‍ 70 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.

സമാധാനപരമായി തൊഴുത് ഭക്തര്‍ കടന്നു പോകുന്ന സാഹചര്യത്തിലാണ് നടയടക്കുന്നതിന് തൊട്ട് മുമ്പ് ഉച്ചത്തില്‍ മുദ്രാവാക്യം വിളിയുമായി സന്നിധാനത്തേക്ക് ചിലരെത്തിയത്.

Read Also : അനുചന്ദ്രയും രാജേഷും; നിഷ്പക്ഷ വേഷത്തില്‍ ശബരിമലയിലെത്തുന്ന സംഘപരിവാര്‍ നേതാക്കള്‍

ആദ്യം അമ്പതോളം പേരായിരുന്നു കുത്തിയിരുന്ന് ശരണം വിളിച്ചെത്തിയത്. പിന്നീട് ആളുകള്‍ കൂടിക്കൂടി വരികയായിരുന്നു. സമാധാനപരമായി നാമജപം നടത്തുകയാണെന്ന് പറഞ്ഞ് കൊണ്ടായിരന്നു പ്രതിഷേധക്കാരെത്തിയത്. ആര്‍.എസ്.എസ് പെരുമ്പാവൂര്‍ കാര്യവാഹക് രാജേഷിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധക്കാര്‍ ഒത്തുകൂടിയത്.

സന്നിധാനത്തു നിന്നും പിരിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് പൊലീസ് ഇവരെ സമീപിച്ചു. എന്നാല്‍ പ്രതിഷേധം തുടരുമെന്ന നിലപാടില്‍ ഇവര്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. നീണ്ട നേരത്തെ ചര്‍ച്ചയ്ക്കുശേഷവും പിരിഞ്ഞുപോകാന്‍ തയ്യാറല്ലെന്ന നിലപാടാണ് ഇവര്‍ സ്വീകരിച്ചത്.