തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസിലെ നിയമനക്കോഴ വിവാദത്തില്‍ സെക്രട്ടറിയേറ്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ്. പരാതിക്കാരന്‍ ഹരിദാസനും സുഹൃത്ത് ബാസിദും മാത്രമാണ് പൊലീസിന് ലഭിച്ച ദൃശ്യങ്ങളിലുള്ളത്.
പണം വാങ്ങിയതില്‍ ആരോപണ വിധേയനായ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അഖില്‍ മാത്യു ഈ ദൃശ്യങ്ങളില്‍ ഇല്ല. പൊതുഭരണ വകുപ്പിലെത്തിയാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് ദൃശ്യങ്ങള്‍ പരിശോധിച്ചത്. ഹരിദാസന്റെ ആരോപണത്തില്‍ പറയുന്നത് പോലെ പണം നല്‍കുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടില്ല.
മകന്റെ ഭാര്യക്ക് ജോലിക്കായി തിരുവനന്തപുരത്തുവെച്ച് ഒരു ലക്ഷം രൂപ അഖില്‍ മാത്യുവിന് കൈക്കൂലിയായി കൈമാറിയെന്നാണ് ഹരിദാസന്റെ പരാതി. സെക്രട്ടേറിയേറ്റിന്റെ പരിസരത്ത് വെച്ച് അഞ്ഞൂറ് രൂപയുടെ നോട്ടുകള്‍ പ്ലാസ്റ്റിക് കവറിലാക്കി ഏപ്രില്‍ മാസം 10ന് കൈമാറി എന്നാണ് ഹരിദാസന്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സെക്രട്ടേറിയേറ്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നത്.
പരാതിയിലും മൊഴിയിലും പറയുന്ന സമയങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ദൃശ്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്.
പൊലീസിന് ലഭിച്ച ദൃശ്യങ്ങളില്‍ ഒരു മണിക്കൂറോളം ഹരിദാസനും ബാസിതും സെക്രട്ടേറിയേറ്റിന് മുന്നില്‍ എത്തുന്നുണ്ട്. എന്നാല്‍ ഹരിദാസന്‍ പരാതിയില്‍ പറയുന്നത് പോലെ മൂന്നാമതൊരാള്‍(അഖില്‍ മാത്യു, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ പേരിലെത്തിയ മറ്റൊരാള്‍) ഇവരുടെ അടുത്തേക്ക് എത്തുന്നില്ലെന്നാണ് പൊലീസിന് ലഭിച്ച ദൃശ്യങ്ങളില്‍ നിന്ന് പ്രാഥമികമായി മനസിലാക്കുന്നത്.
അതേമസയം, ഹരിദാസന്റെ അവകാശവാദം പൂര്‍ണമായി വിശ്വസിക്കാതെ മുന്നോട്ടുപോവുകയാണ് പൊലീസ്. കാരണം പണം കൈമാറ്റത്തിന് തെളിവ് നല്‍കാന്‍ ഹരിദാസന് ഇതുവരെ സാധിച്ചിട്ടില്ല. കാഴ്ചക്ക് പ്രശ്‌നമുള്ളതിനാല്‍ സെക്രട്ടേറിയറ്റ് പരിസരത്തുവെച്ച് പണം വാങ്ങിയയാളെ ഇനി കണ്ടാലും തിരിച്ചറിയില്ലെന്ന് ഹരിദാസന്‍ മൊഴി നല്‍കിയതും വൈരുധ്യമുണ്ട്.
Content Highlight: Police examined the CCTV footage of the secretariat in the appointment scheme controversy in the health minister’s office