ന്യൂദല്‍ഹി: രാജ്യത്തെ പൊലീസ് സ്റ്റേഷനുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിര്‍ബന്ധിത യോഗ പരിശീലനം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ്. സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ സ്റ്റേഷനുകളില്‍ നടത്തിയിരുന്ന യോഗ അവസാനിപ്പിച്ചു.
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ 2015 ഏപ്രില്‍ ഒന്നു മുതലായിരുന്നു രാജ്യത്തെ പൊലീസുകാര്‍ക്ക് നിര്‍ബന്ധിത യോഗ പരിശീലനം ഏര്‍പ്പെടുത്തിയിരുന്നത്. നിര്‍ബന്ധിത യോഗ പരിശീലനം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ ഉത്തരവ് ഏറെ വിവാദങ്ങള്‍ക്കും ആശങ്കകള്‍ക്കും ഇടയാക്കിയിരുന്നു.
മോദി സര്‍ക്കാര്‍ തീവ്ര ഹിന്ദുത്വ നിലപാടുകള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് സ്റ്റേഷനുകളിലും നിര്‍ബന്ധിത യോഗം പരിശീലനം ഏര്‍പ്പെടുത്തുന്നതെന്നായിരുന്നു ഉയര്‍ന്നു വന്ന വിമര്‍ശനങ്ങള്‍. 2016 ഡിസംബര്‍ 27 നായിരുന്നു കേരളത്തിലെ പൊലീസ് സ്റ്റേഷനുകളില്‍ യോഗ നിര്‍ബന്ധമാക്കി ഉത്തരവിറക്കിയിരുന്നത്.
You must read this ‘ചേച്ചീ കുറച്ചൂടെ ഗ്ലാസ് ഇടട്ടെ’; ഗ്ലാസ് തിന്നുന്ന വീഡിയോ പോസ്റ്റ് ചെയ്ത ലെനയ്ക്ക് വന്‍വരവേല്‍പ്പുമായി ട്രോള്‍ ലോകം
കേരളത്തില്‍ യോഗ പരിശീലനത്തിനെതിരെ ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥരും, സി.പി.ഐ.എം നേതാക്കളും രംഗത്ത് വന്നിരുന്നു. ആഴ്ചയില്‍ ഒരു ദിവസം സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും യോഗ നിര്‍ബന്ധമാക്കിയായിരുന്നു കേരളത്തില്‍ ഡി.ജി.പി ഉത്തരവിട്ടിരുന്നത്. യോഗയില്‍ പങ്കെടുക്കാത്ത ഓഫീസര്‍മാരുടെ വിവരങ്ങള്‍ എസ്.ഐമാര്‍ എസ്.പിക്ക് കൈമാറണമെന്നുള്‍പ്പെടെയുള്ള നിബന്ധനകളോടെയായിരുന്നു കേരളത്തിലെ യോഗ പരിശീലനം.
ശ്രീ ശ്രീ രവിശങ്കറിന്റെയും ബാബാ രാംദേവിന്റെയും സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള ജീവനക്കാരായിരുന്നു രാജ്യത്തെ ഭൂരിഭാഗം പൊലീസ് സ്റ്റേഷനിലും യോഗ അഭ്യസിപ്പിച്ചിരുന്നത്. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി അവസാനിച്ചതിനാല്‍ അതിന്റെ ഭാഗമായി നടപ്പിലാക്കിയ പൊലീസ് സ്റ്റേഷനുകളിലെ യോഗ പരിശീലനവും അവസാനിപ്പിക്കുന്നെന്നാണ് ഉത്തരവില്‍ പറയുന്നത്.
ആയുഷ് മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ഷീല ടിര്‍ക്കി പുറത്തിറക്കിയ ഉത്തരവ് രാജ്യത്തെ മുഴുവന്‍ ചീഫ് സെക്രട്ടറിമാര്‍ക്കും, പൊലീസ് മേധാവികള്‍ക്കും നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ പൊലീസ് സ്റ്റേഷനുകള്‍ നടപ്പിലാക്കിയിരുന്ന യോഗ ക്ലാസുകള്‍ അവസാനിപ്പിച്ചു.